കെ.കെ.അരുൺ കുമാർ

ഇടപ്പള്ളി : അപകട ഭീഷണിയായ മരങ്ങൾ മുറിക്കാൻ അനുമതിയായി. പക്ഷേ മരം വാങ്ങാൻ ആളില്ല, വനംവകുപ്പുകാർ നിശ്ചയിച്ച വിലയ്ക്ക് എടുക്കാൻ ആളില്ലാത്തതാണ് പ്രതിസന്ധി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെ പിന്നിൽ ദേവൻകുളങ്ങര ജംഗ്ഷനിലെ മൂന്ന് കൂറ്റൻ തണൽ മരങ്ങളാണ് ഇവിടെ കഥാപാത്രങ്ങൾ. ഒട്ടേറെ നൂലാമാലകൾ കടന്നാണ് മരം മുറിക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി ലഭിച്ചത്. അതിപ്പോൾ എട്ടിന്റെ പണിയായിമാറി. ആരുടെ കൈയ്യുംകാലും പിടിച്ച് ഇനി വിൽപ്പന നടത്തുമെന്നറിയാതെ വലയുകയാണ് അധികൃതർ.
നഗരസഭാ കൗൺസിലർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഏറെ കാലമായി അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു
നീക്കാൻ ശ്രമങ്ങൾ നടത്തി വരികയായിരുന്നു. വ്യപാരികളുൾപ്പെടെ ഇതിനായി നിരവധി
പരാതികൾ നൽകിയിട്ടുണ്ട്. ഒടുവിൽ സോഷ്യൽ ഫോറസ്റ്ററിയുടേയും മറ്റും
അനുവാദമൊക്കെ നേടിയെടുത്തു പൊതുമരാമത്തു അധികൃതർ മുറിക്കാനായി ഇറങ്ങി
തിരിച്ചതോടെയാണ് ഒന്നിന് പിന്നാലെ ഒന്നായി തടസങ്ങൾ പെരുകി വരികയാണ്.

പതിമൂവായിരമെങ്കിലും
പതിമൂവായിരമെങ്കിലും കിട്ടിയാൽ മതിയെന്നാണ് നിലപാട്. എന്നിട്ടും രക്ഷയില്ല. ആവശ്യക്കാർ ഇല്ലാത്തതുമൂലം ലേലനടപടികൾ പൂർത്തിയാക്കാനാകുന്നില്ല. അപകട ഭീഷിണിയായ ഈ മരങ്ങൾ എത്രയും പെട്ടന്ന് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ടുള്ള സമ്മർദ്ദം മറുഭാഗത്തുമുണ്ട്. ഇതിനിടയിൽ മറ്റു പോംവഴികൾ തേടുകയാണ് അധികൃതരിപ്പോൾ .തിരക്കേറിയ ഇവിടെ പല തടസങ്ങൾക്കും പരിഹാരം കണ്ടെത്തണം.

 33,000 രൂപ വനം വകുപ്പ് ഈ മഴമരങ്ങൾക്കിട്ട വില.

പക്ഷേ, വാങ്ങാൻ ആളില്ല

 മരങ്ങൾ ഇവിടെ നിന്നും ഒരു ദിവസം കൊണ്ട് മുറിച്ചു നീക്കുക എളുപ്പമല്ല

കെ .എൻ .സുർജിത് ,അസിസ്റ്റന്റ് എൻജിനിയർ