ഇടപ്പള്ളി : സ്കൂൾ കുട്ടികൾക്കുൾപ്പെടെ ഭീഷണിയായി ചങ്ങമ്പുഴ പാർക്കിന് പിന്നിൽ ദേവൻകുളങ്ങര
- എളമക്കര റോഡിലെ നടപ്പാത കൈയേറിയ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നീക്കം തുടങ്ങി.ആറ് കടക്കാരാണ് നടപ്പാത ഒരിഞ്ചുപോലും ബാക്കി വിടാതെ കൈയേറി കച്ചവടം നടത്തുന്നത്. ദിവസേന വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങൾ കാൽനടയായി സഞ്ചരിക്കുന്ന ഇവിടെ റോഡിലിറങ്ങി വാഹനങ്ങൾക്കിടയിലൂടെ വേണം നടക്കാൻ. ഇടപ്പള്ളി ഗവ.യു.പി സ്കൂളിന്റെയും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ആഫീസിന്റെയും എം.ജി.യൂണിവേഴ്സിറ്റി സ്റ്റാസ് കോളേജിന്റെയും മതിലോരത്താണ് കടകൾ. ബാക്കി വന്ന നടപ്പാതയിൽ കെ.എസ്.ഇ.ബിയുടെ നൂറോളം പോസ്റ്റുകൾ കൂടി ഇട്ടതോടെ നടപ്പാത ജനങ്ങൾക്ക് അന്യമായി.
മുഴുവൻ കച്ചവടക്കാർക്കും രണ്ടു ദിവസത്തിനുള്ളിൽ ഒഴിഞ്ഞു മാറാൻ നോട്ടീസ് നൽകും.
കെ.എൻ.സുർജിത് അസിസ്റ്റന്റ് എൻജിനീയർ
എല്ലാവരും കൂട്ടുനിന്നു; ഞാൻ നോട്ടീസ് നൽകാം : കൗൺസിലർ
ചങ്ങമ്പുഴ പാർക്കിനു പിന്നിലെ ബസ് സ്റ്റോപ്പിനടുത്തു പ്രവർത്തിച്ചിരുന്ന കടകൾ ഇപ്പോഴത്തെ നടപ്പാതയിലേക്ക് മാറ്റുന്നതിൽ ഇവിടെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളായെന്ന് നഗരസഭാ കൗൺസിലർ പി .ജി .രാധകൃഷ്ണൻ പറഞ്ഞു. ഇത് അനീതിയാണ്. കടകളോട് ചേർന്നുള്ള സ്കൂളിനും കോളേജിനും തൊട്ടടുത്തുള്ള എൽ.പി.സ്കൂളിനുമെല്ലാം ഇത് ശല്യം തന്നെ. അപകടസാധ്യതയും ഏറെയാണ്. കടകൾ
ഒഴിപ്പിക്കാനായി നഗരസഭക്ക് കത്തുനൽകും.
ആരാണ് ഇതിനു പിന്നിലെ ശക്തികൾ
ഇവിടെ കൈയേറി നടത്തുന്ന കച്ചവടം പലതും ബിനാമി ഏർപ്പാടുകളാണ്. കൂലിക്ക് അന്യസംസ്ഥാനക്കാരെ വച്ച് വരെ കച്ചവടം നടത്തുന്നുണ്ട്. വലിയ അപകടസാധ്യതയും ഗതാഗതക്കുരുക്കും സൃഷ്ടിച്ചിട്ടും പ്രദേശത്തെ ഒരു രാഷ്ട്രീയ കക്ഷികൾ പോലും ഇതിനെതിരെ രംഗത്തുവന്നിട്ടില്ല. നടപടികൾ എടുക്കാൻ വൈകുന്നതിന്റെ കാരണമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന കാരണവും ഇതുതന്നെ.