കൊച്ചി : കൊച്ചി കോർപ്പറേഷനിലെ ഇ -ഗവേണൻസ് പ്രതിസന്ധി തുടരുന്നു. ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന സ്വകാര്യ ഏജൻസിയായ ടി.സി.എസിന്റെ ( ടാറ്റാ കൺസൾട്ടൻസി സർവീസ് )നിസഹകരണം മൂലം ജനന , മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്. ആറു മാസത്തിനുള്ളിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ജൂലായ് 31 ന് തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചുവെങ്കിലും തുടർനടപടികളുണ്ടായില്ല. ഗ്രാമപഞ്ചായത്തുകളിൽ വരെ ഓൺലൈനായി കെട്ടിട നികുതിയും പ്രൊഫഷണൽ ടാക്സും അടയ്ക്കാൻ സൗകര്യമുള്ളപ്പോൾ കൊച്ചി നഗരവാസികൾ സർട്ടിഫിക്കറ്റിനായി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ്.
ഇ ഗവേണൻസ് നാൾവഴികൾ
കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി 2005 - 2006 ൽ തുടക്കം
ആദ്യ ചുമതല ഇൻഫമേഷൻ കേരള മിഷന് ( ഐ.കെ.എം )
അജ്ഞാതമായ കാരണങ്ങളാൽ ഐ.കെ.എം പാതിവഴിയിൽ പിൻമാറി
2011ൽ വിപ്രോയെ കൺസൾട്ടന്റായി നിയോഗിച്ചു.
ഓൺലൈൻ സംവിധാനം നടപ്പാക്കാനുള്ള ചുമതല വിപ്രോ ടി.സി.എസിനെ ഏല്പിച്ചു
54 ആഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർത്തീയാക്കുമെന്ന് വാഗ്ദാനം
പല തവണ കാലാവധി നീട്ടികൊടുത്തിട്ടും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല
കരാർ തുക - 8.1 കോടി
ഇതുവരെ ടി.സി.എസിന് നൽകിയത് - 4.94 കോടി
ബാക്കി പണം കൈമാറാത്തതിൽ പ്രതിഷേധിച്ച് ടി.സി.എസ് ആറു മാസം മുമ്പ് നഗരസഭ വിട്ടതോടെ പദ്ധതി കട്ടപ്പുകയായി.
കഴിഞ്ഞ മാസം നടന്ന യോഗ തീരുമാനങ്ങൾ
1 ആറു മാസത്തിനകം ടി.സി.എസ് എല്ലാ മൊഡ്യുളുകളും പൂർത്തിയാക്കണം.
2 ഐ.കെ.എം ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കണം.
3 വിപ്രോ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.
4 പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടി.സി.എസിന്റെയും ഐ.കെ.എമ്മിന്റെയും രണ്ടും വിപ്രോയുടെ ഒരു ജീവനക്കാരനെയും കോർപ്പറേഷൻ ഓഫീസിൽ താത്കാലികമായി നിയോഗിക്കും.
5 രണ്ട് ഐ.ടി. ഓഫീസർമാരെ നിയമിക്കുന്നതിന് കോർപ്പറേഷന് അനുമതി.
നിലവിലെ അവസ്ഥ
സർവർ ഡൗൺ ആയാൽ സൈറ്റിന്റെ പ്രവർത്തനം നിലയ്ക്കും. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളുടെ വിതരണം മുടങ്ങും. കാര്യങ്ങൾ സുഗമമാകണമെങ്കിൽ ടി.സി.എസ് കനിയണം.
സർട്ടിഫിക്കറ്റുകളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തിരുത്താൻ മാർഗമില്ല
ജനന,മരണ കണക്കുകൾ എല്ലാ മാസവും കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞ ആറു മാസമായി കൊച്ചി കോർപ്പറേഷന് ഈ റിപ്പോർട്ട് അയയ്ക്കാൻ കഴിഞ്ഞിട്ടില്ല
വൈകാതെ പരിഹാരമെന്ന്
ഉദ്യോഗസ്ഥർ
കോർപ്പറേഷൻ ഓഫീസിലേക്ക് നിയോഗിക്കുന്ന തങ്ങളുടെ രണ്ടു ജീവനക്കാരുടെയും ശമ്പളം കോർപ്പറേഷൻ നൽകണമെന്ന ടി.സി.എസിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും. രണ്ട് എെ.ടി. ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അധികം വൈകാതെ പ്രശ്നം പരിഹരിക്കുമെന്ന് കോർപ്പറേഷൻ വക്താവ് പറഞ്ഞു