മൂവാറ്റുപുഴ:കനത്തമഴയെ തുടർന്ന് പായിപ്ര ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളെ ബന്ധിപ്പിക്കുന്ന മുടവൂർ ചാക്കുന്നം കൂരിക്കാവ് പേഴയ്ക്കാപ്പിള്ളി റോഡിലെ രണ്ട് പാലങ്ങൾക്ക് വിള്ളൽ വീണു. ചാക്കുന്നം ശിവക്ഷേത്രത്തിന് സമീപം മൂടവൂർ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന ചീങ്കണ്ണി തോടിന് കുറുകെയുള്ള പാലത്തിനും, പാടത്തിന്റെ ഒരു വശത്തുള്ള കൈത്തോടിന് കുറുകെയുള്ള ചെറിയ പാലത്തിനുമാണ് കനത്ത മഴയെതുടർന്നുള്ള വെള്ളപൊക്കത്തിൽ വിള്ളൽ വീണത്.മൂവാറ്റുപുഴകാക്കനാട് റോഡിലെ ചാക്കുന്നം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പേഴയ്ക്കാപ്പിള്ളി കൂരിക്കാവിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർദൂരം വരുന്ന റോഡാണിത്.വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലത്തിന് കാലവർഷത്തെ തുടർന്നുണ്ടായ പ്രളയത്തെ താങ്ങാൻ ശേഷിയുണ്ടായിരുന്നില്ല. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയതോടെയാണ് വിള്ളൽ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, വാർഡ് മെമ്പർമാരായ പി.എ.അനിൽ, ആമിന മുഹമ്മദ് റാഫി, കെ.ഇ.ഷിഹാബ്, എന്നിവർ പാലം സന്ദർശിച്ചു. പാലം പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ പറഞ്ഞു.