അങ്കമാലി: മാഞ്ഞാലിത്തോടിന്റെയും മുല്ലശേരിത്തോടിന്റെയും നവീകരണം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തണമെന്ന് റോജി എം. ജോൺ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി കെ ക്യഷ്ണൻകുട്ടിയോട് ആവശ്യപ്പെട്ടു. ഈ വർഷത്തെ പ്രളയത്തിൽ അങ്കമാലി, നെടുമ്പാശേരി, പാറക്കടവ്, കുന്നുകര പ്രദേശങ്ങളുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയത് മാഞ്ഞാലിത്തോടിൽ വെള്ളം പൊങ്ങിയതിനാലും അത് സുഗമമായി ഒഴുകിപ്പോകാൻ താമസം ഉണ്ടായതുകൊണ്ടുമാണ്. തോടിന്റെ പല ഭാഗങ്ങളിലും ചളിയും പായലും ചണ്ടിയും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരുന്നു. മാഞ്ഞാലിത്തോട് സമഗ്രമായി പുനരുദ്ധാരണം നടത്തുവാൻ 24 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിരുന്നു. ഇത് ജൂണിൽ ജലസേചന വകുപ്പിന് സമർപ്പിച്ചുള്ളതാണെന്ന് എം.എൽ.എ പറഞ്ഞു. ഈ വർഷവും പ്രളയം ആവർത്തിച്ച സാഹചര്യത്തിൽ മാഞ്ഞാലിത്തോടിന്റെ പനരുദ്ധാരണം ഏറെ പ്രധാന്യം അർഹിക്കുന്ന വിഷയമാണെന്ന് എം.എൽ. എ ചൂണ്ടിക്കാട്ടി.