
ബീജിംഗ്: വ്യാപാരയുദ്ധത്തിന് ആക്കം കൂട്ടി 7500 കോടി ഡോളറിന്റെ അമേരിക്കൻ ഇറക്കുമതി ചരക്കുകൾക്ക് ചൈന പത്ത് ശതമാനം അധിക നികുതി ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം 30,000 കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡാെണാൾഡ് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിന് തിരിച്ചടിയായാണ് ഈ നീക്കം.
ഒരു വർഷമായി പരസ്പരം ഇറക്കുമതി ചരക്കുകൾക്ക് പുതിയ നികുതികൾ ഏർപ്പെടുത്തി രണ്ട് രാജ്യങ്ങളും തമ്മിൽ നടത്തുന്ന വ്യാപാരയുദ്ധം വഷളാകുന്ന സൂചനയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിതെളിക്കുകയാണ് രണ്ട് വാണിജ്യ ഭീമന്മാർ തമ്മിലുള്ള നികുതി പോരാട്ടം.
ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, സാങ്കേതിക വിദ്യാ കൈമാറ്റം, ചൈനീസ് മാർക്കറ്റിലേക്ക് കൂടുതൽ അമേരിക്കൻ ഉല്പന്നങ്ങൾക്ക് അനുമതി നൽകൽ തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കലാണ് ട്രംപിന്റെ ലക്ഷ്യവും
.
വെള്ളിയാഴ്ച ചൈനീസ് കസ്റ്റംസ് താരിഫ് കമ്മിഷനാണ് അമേരിക്കൻ ഉല്പന്നങ്ങൾക്ക് പുതിയ നികുതി ചുമത്തിയത്. ഇതിന് പുറമേ അമേരിക്കൻ നിർമ്മിത വാഹനങ്ങൾക്കും സ്പെയർപാർട്ട്സുകൾക്ക് അഞ്ച് മുതൽ 25 ശതമാനം വരെ അധിക നികുതി വരുന്ന ഡിസംബർ 15 മുതൽ ഏർപ്പെടുത്താനും
തീരുമാനിച്ചിട്ടുണ്ട്.