kadar
എറണാകുളം സി.ജെ.എം കോടതിയിലെത്തിയ അബ്‌ദുൾ ഖാദർ റഹിം

 പിടിച്ചത് കീഴ‌ടങ്ങാൻ കോടതിയിലെത്തിയപ്പോൾ

 ഭീകര ബന്ധമില്ലെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ശ്രീലങ്കയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ലഷ്‌കറെ തയ്‌ബ ഭീകരർക്കൊപ്പമുണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന തൃശൂർ മതിലകം സ്വദേശി അബ്‌ദുൾ ഖാദർ റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് നാടകീയമായി കസ്‌റ്റഡിയിലെടുത്തു. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകി കാത്തുനിൽക്കുമ്പോഴാണ് പിടികൂടിയത്. ഇന്നലെ മൂന്നുമണിക്ക് അഭിഭാഷകനൊപ്പമാണ് റഹീം എത്തിയത്.

എറണാകുളത്ത് പൊലീസിന്റെ ഉടമസ്ഥതയിലുള്ള സേഫ് ഹൗസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), തമിഴ്നാട് പൊലീസ് എന്നിവരും വിവരങ്ങൾ തേടിയെത്തി. ബഹ്റൈനിൽ നിന്ന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ റഹീമിനൊപ്പമുണ്ടായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി യുവതിയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ വെള്ളിയാഴ്ച രാത്രി ആലുവയിൽ നിന്നാണ് പിടികൂടിയത്. കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് കോയമ്പത്തൂർ പൊലീസായതിനാൽ അവർക്ക് കൈമാറാനാണ് സാദ്ധ്യത.
അതേസമയം, ബഹ്‌റൈനിൽ പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീർക്കാൻ അവർ ഭീകരനായി ചിത്രീകരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് റഹീം പറയുന്നത്. റഹീമിന്റെ വെളിപ്പെടുത്തൽ പരിശോധിക്കാൻ ബഹ്റൈൻ പൊലീസിന്റെ സഹായം തേടുമെന്ന് എൻ.ഐ.എ വ്യക്തമാക്കി. ബഹ്റൈനിൽ നിന്ന് ശ്രീലങ്ക വഴിയാണോ ഇയാൾ കേരളത്തിലെത്തിയതെന്നാണ് പ്രാഥമികമായി പരിശോധിക്കുന്നത്.

തമിഴ്നാട് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ കഴിഞ്ഞദിവസം റഹീമിന്റെ കൊടുങ്ങല്ലൂരിലെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. വിവരമറിഞ്ഞ റഹീം പൊലീസ് കസ്റ്റഡി ഒഴിവാക്കാൻ അഭിഭാഷകന്റെ സഹായം തേടുകയായിരുന്നു.
ആലുവയിലെ ഇയാളുടെ വർക്ക്ഷാേപ്പ് പരിസരത്തു നിന്ന് യുവതി പിടിക്കപ്പെട്ടതോടെ റഹിം കോഴിക്കാേട്ടേക്ക് മുങ്ങി. ബസിൽ കൊച്ചിയിലേക്ക് മടങ്ങിവരവെ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപെട്ടു. പത്തുവർഷം മുമ്പുള്ള ചിത്രമാണ് പൊലീസിന്റെ കൈവശമുണ്ടായിരുന്നത്. ഇത് കാണിച്ചപ്പോൾ താനല്ലെന്ന് പറഞ്ഞ് റഹീം കബളിപ്പിച്ചു. ദീർഘകാലം വിദേശത്തായിരുന്ന റഹീം നാട്ടിൽ മടങ്ങിയെത്തി ആലുവയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ബഹ്‌റൈനിൽ പുതിയ ഗാരേജ് തുടങ്ങാനായി പോയത്.

റഹീമിന്റെ വിശദീകരണം

1. ആരോപണവുമായി ബന്ധമില്ല
ആലുവയിലെ വർക്ക്ഷോപ്പിൽ വച്ചാണ് കേസിൽ ഉൾപ്പെട്ട വിവരം അറിയുന്നത്. ഉടനെ പൊലീസിൽ ഹാജരായി വിവരം പറയാൻ തീരുമാനിച്ചു. അപ്പോഴാണ് മഫ്തിയിൽ പൊലീസുകാരെ അവിടെ കണ്ടത്. കുടുങ്ങുമെന്ന് വ്യക്തമായതോടെ അഭിഭാഷകൻ മുഖാന്തരം കീഴടങ്ങുന്നതാണ് ഉചിതമെന്നു തോന്നി.

2. ഇല്യാസ് അൻവറിനെ അറിയില്ല
പാക് സ്വദേശിയായ ഇല്യാസ് അൻവറിനെ അറിയില്ല. എന്നാൽ, ബഹ്റൈൻ എമിഗ്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ അബു ഇല്യാസിനെ എനിക്കറിയാം. സുഹൃത്താണ്. ഇന്ത്യൻ എംബസിയിലുള്ളവർക്കെല്ലാം ഇല്യാസിനെ അറിയാം. ഇന്ത്യക്കാരായ തടവുകാർക്ക് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ്.

3. ശ്രീലങ്കൻ ബന്ധമില്ല
എനിക്ക് ശ്രീലങ്കക്കാരുമായി ഒരു ബന്ധവുമില്ല. ഇതുവരെ അവിടെ പോയിട്ടില്ല. ആരോപിക്കുന്ന ഭീകരബന്ധവുമില്ല.