കൊച്ചി: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജില്ലയുടെ റോഡുകളിലെ അറ്റകുറ്റപണികൾ വൈകുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കളക്ടർ ദേശീയപാത അധികൃതരsക്കമുള്ള വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തത്.
ദേശീയപാത 85 ൽ കുണ്ടന്നൂർ - നേര്യമംഗലം റോഡിൽ തിരുവാങ്കുളം വരെ ഉള്ള ഭാഗത്തെ കുഴികളും ഇരുമ്പനം മുതൽ കളമശ്ശേരി വരെ ഉള്ള റോഡുകളിലെ കുഴികളുംഉടൻ സഞ്ചാരയോഗ്യമാക്കണം.
മുനമ്പം - കവല - ചെറിയപള്ളി റോഡിലെ കുഴികൾ അടക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു . ഇതോടൊപ്പം മൂത്തകുന്നം - മുനമ്പം കവല റോഡുകളിലെ കുഴികൾ അടച്ചു സഞ്ചാരയോഗ്യമാക്കണം.
എറണാകുളം റോഡ്സ് ഡിവിഷനിലെ വിവിധ ജോലികളുടെ ടെൻഡർ 27 ന് പൂർത്തിയാക്കി 30 തീയതിയോടെ ജോലികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു . കലൂർ ജംഗ്ഷനിലെയും എസ്.എൻ ജംഗ്ഷൻ, പൂത്തോട്ട എന്നിവിടങ്ങളിലെ കുഴികൾ റെഡിമിക്സ് ഉപയോഗിച്ച് അടച്ചു സഞ്ചാരയോഗ്യമാക്കാൻ കളക്ടർ നിർദേശിച്ചു. ഇടക്കൊച്ചി പഴയ റോഡിലെ ജോലികൾ നാളെമുതൽ ആരംഭിക്കും .
 കലൂർ കടവന്ത്ര റോഡിലെ കുഴികൾ അടക്കുവാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് ജി.സി.ഡി.എ യോഗത്തിൽ അറിയിച്ചു. കണ്ടെയ്നർ റോഡിലെ കുഴികൾ അടയ്‌ക്കാനും ദേശീയ പാത അധികൃതർക്ക് നിർദേശം നൽകി.
ഇടപ്പള്ളി - വൈറ്റില - അരൂർ സ്ട്രെച്ചിലെ വെള്ളക്കെട്ട് മൂലം വൈറ്റില , കുണ്ടന്നൂർ ജംഗ്ഷനുകളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് പരിഹരിക്കാൻ വകുപ്പുകൾ കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം.
മുവാറ്റുപുഴ സംസ്ഥാന പാതയിലെ കുഴികൾ അടയ്‌ക്കും.