cpi
സി.പി.ഐ ജില്ലാ മേഖലാ ദ്വിദിന ലീഡേഴ്‌സ് ക്യാമ്പ് ആലുവയിൽ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മോഡി ഭരണത്തിൽ രാജ്യത്ത് ചങ്ങാത്ത മുതലാളിത്തം ശക്തിപ്പെടുകയാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു. സി.പി.ഐ ജില്ലാ മേഖലാ ദ്വിദിന ലീഡേഴ്‌സ് ക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളും കോർപ്പറേറ്റ് ശക്തികളും സ്വദേശി വിദേശി ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന ചങ്ങാത്ത മുതലാളിത്തം മൂലം അഴിമതിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയില്ലാത്ത സർക്കാരാണ് നരേന്ദ്ര മോഡി നയിക്കുന്നത്.രാജ്യത്ത് നിലവിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കേണ്ടിയിരിക്കുന്നുവെന്നും ആനുപാതിക പ്രാതിനിധ്യമനുസരിച്ചുള്ള തെരഞ്ഞെടുപ്പ് രീതി വേണമെന്നും ഇത് വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. രാജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ടി. നിക്‌സൻ, ബാബു പോൾ, പി നവകുമാരൻ, സി.ബി. രാജൻ, കെ.വി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.ആലുവ മണ്ഡലം സെക്രട്ടറി എ ഷംസുദ്ധീൻ സ്വാഗതം പറഞ്ഞു. ഇന്ന് മാധ്യമ രാഷ്ടീയത്തെക്കുറിച്ച് ബാബു പോളും, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് തൃശൂർ ജില്ലാ എക്‌സി.അംഗം വി എസ് പ്രിൻസും ക്ലാസുകൾ നയിക്കും. ജില്ലാ സെക്രട്ടറി പി രാജു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.