കൊച്ചി: പ്രവാസി ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും നിലവിലുള്ള പദ്ധതികൾ വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം എം.ജി റോഡ് മെട്രോസ്‌റ്റേഷൻ കൊമേഴ്ഷ്യൽ ബിൽഡിംഗിൽ നോർക്ക റൂട്ട്‌സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ ഇന്നത്തെ നിലയിൽ നിലനിറുത്താൻ വലിയ സഹായമാണ് പ്രവാസികൾ ചെയ്യുന്നത്. അതുകൊണ്ട് അവർക്ക് ചെയ്യുന്ന സഹായം എത്ര ചെയ്താലും വലുതല്ലെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്കുണ്ടാകണം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാൻ നോർക്ക ഗ്ലോബൽ സെന്റർ വഴി "നോർക്ക മിസ്ഡ് കോൾ പദ്ധതി" ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏകയിടം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. നിസാര കേസുകളിൽപെട്ട് വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
പ്രവാസി മലയാളികളെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയിൽ നടക്കും. സംസ്ഥാനത്ത് എൻ.ആർ.ഐ നിക്ഷേപ കമ്പനി രൂപീകരിക്കാനും മാവേലിക്കരയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി സ്റ്റേഷനിൽ ആരംഭിക്കുന്ന ആദ്യ പ്രവാസി സംരംഭത്തിനുള്ള ലെറ്റർ ഒഫ് അവാർഡ് പ്രവാസി സംരംഭകനായ തയ്യിൽ ഹബീബീന് മുഖ്യമന്ത്രി നൽകി. നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ച കിറ്റ്കോയ്ക്കും ഉപഹാരം നൽകി. ഹൈബി ഈഡൻ എം.പി അധ്യക്ഷനായി. സി.പി..എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ്, ജി.സി.ഡി.എ ചെയർമാൻ വി.സലീം, കെ.എം.ആർ.എൽ പ്രൊജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.