തൃക്കാക്കര : കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് പണിയെടുത്ത കരാറുകാർക്കും കരാർ തൊഴിലാളികൾക്കും ലഭിക്കേണ്ട പണം ഉടൻ അനുവദിക്കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി. രണ്ട് ഘട്ടമായാവും തുക കൈമാറുക. 39.9 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ തുക ഒന്നിച്ച് വിതരണം ചെയ്യാൻ കഴിയില്ല. ആദ്യ ഘട്ടം ഇന്നോ നാളെയോ ജില്ലകളിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലെത്തും. രണ്ടാം ഘട്ടം ഓണത്തിന് ശേഷവും. തിരുവനന്തപുരം,കണ്ണൂർ, വയനാട് ജില്ലക്കാർക്ക് പണം മുഴുവനായും കൊടുത്തുകഴിഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് രാപകൽ പണിയെടുത്ത കരാർതൊഴിലാളികൾ ചില്ലിക്കാശ് കൂലി​ കിട്ടാതെ വലയുന്നതായ കേരളകൗമുദി വാർത്തകളെ തുടർന്നാണ് ധനവകുപ്പ് വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. വാഹനം, പന്തൽ, വീഡിയോ ഗ്രാഫർമാർക്കും ഇതുവരെ പ്രതിഫലം ലഭിച്ചിരുന്നില്ല. എറണാകുളം ജില്ലയിൽ മാത്രം 55 ലക്ഷം രൂപയാണ് വീഡിയോ കരാറുകാർക്ക് മാത്രം നൽകാനുള്ളത്. പന്തൽ , വാഹനം , ഭക്ഷണം എന്നിവകൂടി കൂട്ടിയാൽ ഏതാണ്ട് മൂന്നു കോടി രൂപവരും.

ബില്ല് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമുണ്ടായിരുന്നില്ല .എന്നാൽ സി ഡിറ്റ് , കെൽട്രോൺ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് മുഴുവൻ തുകയും കഴിഞ്ഞ മാസം തന്നെ വിതരണം ചെയ്തു