cm
എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു

ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ കണ്ടു


ആലുവ: തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.ഐ ആർ. രാജേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ആക്ഷൻ കൗൺസിൽ ചെയർമാൻ അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർഅറിയിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയത്. എസ്.ഐക്കെതിരെ മരിച്ച ബാബു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്ന സന്ദേശം, ബാബുവിന്റെ ഭാര്യയുടെയും മക്കളുടെയും നിലപാടുകൾ, സ്റ്റേഷനിലെ സഹപ്രവർത്തകരുടെ നിലപാടുകൾ എന്നിവയെല്ലാം ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും എം.എൽ.എ പറഞ്ഞു.

ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനചന്ദ്രൻ, പി.കെ. രമേശ്, തോപ്പിൽ അബു, പി.ജെ. സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.