കൊച്ചി: പാവപ്പെട്ട പെൺകുട്ടികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ വിവാഹ ധനസഹായം മുടക്കാൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ പാര. കഴിഞ്ഞ ബഡ്‌ജറ്റിൽ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് ധനമന്ത്രി തോമസ് ഐസക്കാണ് ഒരു കോടി രൂപയുടെ വിവാഹ സഹായനിധി പ്രഖ്യാപിച്ചത്. ആയിരം രൂപ ടോക്കൺ തുകയും നീക്കിവച്ചു. പൊതുഭരണ വകുപ്പിന്റെ ഭരണാനുമതി കിട്ടുന്ന മുറയ്ക്ക് ബാക്കി നൽകാനായിരുന്നു തീരുമാനം. ഒരു ലക്ഷം രൂപ വീതം നൂറുപേർക്ക് നൽകുന്നതാണ് പദ്ധതി.
മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ നൂറു പെൺകുട്ടികൾക്കായുള്ള 'മംഗല്യ സഹായനിധി' പദ്ധതി ധനവകുപ്പിന് സമർപ്പിക്കുകയും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷയായ നിയമസഭാ സബ്‌ജക്ട് കമ്മിറ്റി ശുപാർശ ചെയ്യുകയും ചെയ്‌തെങ്കിലും, പാരയായത് ഭരണാനുമതിക്കൊപ്പം പൊതുഭരണ വകുപ്പ് ഫയലിൽ എഴുതിയ കുറിപ്പാണ്. കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്ന് തുക നൽകിയാൽ മതിയെന്നായിരുന്നു നിർദേശം.
അന്തിമ അനുമതി നൽകേണ്ട വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ധനവകുപ്പ് ഉദ്യോഗസ്ഥൻ ഫണ്ടില്ലെന്ന നിലപാടെടുത്തു. പൂർണമായും സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന് വേറെ ഫണ്ട് ഇല്ല. 100 പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും താങ്ങാകേണ്ട പദ്ധതിയുടെ ഭാവി ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാരുണ്യത്തിന് കാക്കുകയാണ്. ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ബി.പി.എൽ, അന്ത്യോദയ- അന്നയോജന റേഷൻ കാർഡുള്ളവർ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹസഹായം മുടക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് കഷ്ടമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂലതീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആർ.ബാലകൃഷ്ണപിള്ള
ചെയർമാൻ, സംസ്ഥാന മുന്നാക്ക സമുദായ
വികസന കോർപ്പറേഷൻ