മൂവാറ്റുപുഴ : തുടർച്ചയായി പെയ്യുന്ന മഴയിൽ കുന്നിടിച്ചിൽ വ്യാപകമായതോടെ കോർമല കുന്ന് വീണ്ടും ഇടിയുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിൽ കച്ചേരിത്താഴത്ത് സത്രംകുന്ന് റോഡിലേക്ക് ഇടിഞ്ഞതോടെ വെള്ളൂകുന്നം പ്രദേശവാസികൾ ഭീതിയിലാണ്.
. 2014 ജൂലായിലാണ് വെള്ളൂർക്കുന്നം കോർമലകുന്ന് ഇടിഞ്ഞത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. . നഗരത്തെയാകെ ഭീതിയിലാക്കി രാത്രിയിലാണ് കോർമല കുന്ന് ഇടിഞ്ഞത്. കുന്നിൻ മുകളിൽ കൂറ്റൻ ജലസംഭരണിയും, എൻ എസ് എസ് സ്ക്കൂളും, വാട്ടർ അതോറിറ്റി ഐ ബിയും സ്ഥിതിചെയ്യുന്നുണ്ട്. ഇനിയും മലയിടിഞ്ഞാൽ ജല സംഭരണിയുൾപ്പെടെ അപകടത്തിലാകും . 2014-ലെ മണ്ണിടിച്ചിലിനെ തുടർന്നു റവന്യു, ജല അതോറിട്ടി, ജിയോളജി വകുപ്പധികൃതരും, വിവിധ സ്വകാര്യ ഏജൻസികളും പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയെങ്കിലും അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടികളില്ല. അന്നത്തെ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനുദ്ധാരണത്തിനും വേണ്ടിപദ്ധതി തയ്യാറാക്കിയിരുന്നു.എന്നാൽസംരക്ഷണ ഭിത്തി അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തായത് കൊണ്ട് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി കോർമല സംരക്ഷണം മുടങ്ങി. കോർമലയ്ക്കു സംരക്ഷണഭിത്തി നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇവർ ഇപ്പോഴും കോർമലയിൽ തന്നെ കഴിയുകയാണ്. കോർമലയിലെ മണ്ണിടിച്ചിൽ മൂലം അപകടാവസ്ഥയിലായ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അപകട ഭീഷണിയിലായ വ്യാപാര സമുച്ചയങ്ങൾക്ക് സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗമായ എൻ.അരുൺ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിവേദനം നൽകി.