കൊച്ചി : 95.75 കോടി രൂപചെലവിൽ നിർമ്മിക്കുന്ന വൈറ്റില ഫ്ളെെ ഓവറിന്റെ പൂർത്തീകരണം വെെകും. അടുത്ത മേയ് വരെയെങ്കിലും നീളുമെന്നാണ് സൂചന.
2017 ജൂൺ 17ന് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് നല്‍കിയത്. കിഫ്ബിയും കേരള റോഡ് ഫണ്ട് ബോർഡുമാണ് ഫണ്ടിംഗ് ഏജൻസികൾ. ആ വർഷം ഡിസംബറിൽ നിർമ്മാണം തുടങ്ങി
# ഐ.ഐ,ടി റിപ്പോർട്ടും വെെകും
ഫ്ളെെ ഓവർ നിർമ്മാണത്തിലെ പാളിച്ചകൾ സംബന്ധിച്ച് പൊതുമാരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട് ചോർച്ചയും ചെന്നെെ ഐ.ഐ.ടി സംഘം നടത്തുന്ന പരിശോധനയും ഫ്ളെെ ഓവർ നിമ്മാണം വെെകിപ്പിക്കും. പ്രൊഫ. ബി.നാഗേശ്വരറാവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ശനിയാഴ്ചയും പരിശോധനയ്ക്ക് എത്തിയിരുന്നു. പാലത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് പൂർത്തിയായി. കോൺക്രീറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കോൺക്രീറ്റ് വിദഗ്ദ്ധനും വരുന്നുണ്ട്. ഡെക്ക് സ്ളാബ്, ഗർഡർ എന്നിവയിലും കോൺക്രീറ്റിംഗിലും അപാകതയില്ലെന്ന് ഉറപ്പാക്കിയാലേ പണി പൂർണതോതിൽ തുടങ്ങാനാവൂ. ചെന്നെെ സംഘത്തിന്റെ പരിശോധന സെപ്തംബർ അഞ്ചിനേ പൂർത്തിയാകൂ.
റിപ്പോർട്ട് വരാൻ വീണ്ടും മൂന്നു മാസമെങ്കിലും എടുക്കും. അതുകൊണ്ട് ഫ്ളെെ ഓവർ നിർമ്മാണം പൂർണതോതിലാകാൻ ഡിസംബറെങ്കിലും ആകും.
#ജോലിക്കാർ കുറവ്
അഞ്ചുതൊഴിലാളികളാണ് ഇപ്പോൾ സൈറ്റിലുള്ളത്. പ്രധാന പണികളൊന്നും നടക്കുന്നില്ല. റിപ്പോർട്ട് വന്നശേഷം മതി പ്രധാന ജോലികൾ എന്നാണ് കരാറുകാരുടെ നിലപാട്. 13 കോടിയോളം രൂപ അവർക്ക് സർക്കാരിൽ നിന്ന് കിട്ടാനുമുണ്ട്.
# പണി ഇതുവരെ
വൈറ്റില മേൽപ്പാലത്തിൽ ആകെയുള്ള 116 ഗർഡറുകളിൽ 56 എണ്ണം കോൺക്രീറ്റ‌് ചെയ‌്തു. 40 എണ്ണം സ്ഥാപിച്ചു. പാലാരിവട്ടം ഭാഗത്തുനിന്നുവരുമ്പോൾ ഇടതുവശത്തുള്ള ഭാഗത്ത‌് മൂന്നു സ‌്പാനുകളും സ്ഥാപിച്ചു.
140 പൈലുകളിൽ 136 എണ്ണവും പൂർത്തിയായി. പാലാരിവട്ടം ഭാഗത്തുള്ള നാലെണ്ണം മാത്രമാണ‌് ബാക്കി. പൈലുകളെ ബന്ധിപ്പിക്കുന്ന ക്യാപ്പുകൾ 30 എണ്ണത്തിൽ 29ഉം പൂർത്തിയായി. ഇവയ‌്ക്കു മുകളിൽ പാലത്തെ താങ്ങിനിർത്തുന്ന തൂണുകൾ 34ൽ 26 എണ്ണം പൂർത്തിയായി.
700 മീറ്റർ മേൽപ്പാലത്തിന്റെ മദ്ധ്യത്തിലെ സ്പാനിന് 40 മീറ്ററാണ് ഉയരം. രണ്ടു വശത്തുമായി ആറുവരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27.2 മീറ്റർ.
# റിപ്പോർട്ട് വരണം
ചെന്നെെ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയതിനു ശേഷമെ ഫ്ളെെ ഓവർ നിർമ്മാണം പൂർണ തോതിൽ പുനരാരംഭിക്കു. അപാകതയില്ലെന്ന് ഉറപ്പാക്കി മാത്രമേ ഇനി തുടരൂ. അതും പി.ഡബ്‌ള്യു.ഡി ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിലാകും.
ഐസക്
എക്സിക്യൂട്ടീവ് എൻജിനിയർ
പൊതുമരാമത്ത് വകുപ്പ് (ദേശീയപ്പാത വിഭാഗം)