കൊച്ചി : ഭരണനൈപുണ്യവും സാംസ്കാരിക മികവും സമന്വയിച്ച അത്യപൂർവ വ്യക്തിയായിരുന്നു ഡോ.ഡി. ബാബുപോളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹമായ ഒൗദ്യോഗിക സ്ഥാനമാനങ്ങളിലെത്താൻ കഴിഞ്ഞില്ലെങ്കിലും വ്യക്തിത്വം കൊണ്ട് അതിലും ഉയരത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
സാംസ്കാരിക സംഘടനയായ കസവും അഭിഭാഷക സുഹൃത്തുക്കളും സംഘടിപ്പിച്ച ബാബുപോൾ അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസവിന്റെ പുരസ്കാരം ബാബുപോളിന് വേണ്ടി മകൾ നീബ മറിയത്തിന് മുഖ്യമന്ത്രി നൽകി.
സാമൂഹികപ്രതിബദ്ധത പുലർത്തിയ ഐ.എ.എസുകാരനായിരുന്നു ബാബുപോൾ. സാങ്കേതിക നൂലാമാലകളുടെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ടരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഐ.എ.എസ് നേടിയതോടെ എല്ലാം തികഞ്ഞെന്ന ചിന്ത അദ്ദേഹം പുലർത്തിയില്ല. പുതിയ വിഷയങ്ങൾ മനസിലാക്കി. അവ സാമൂഹത്തെ നന്നാക്കാൻ വിനിയോഗിച്ചു. ഏതു കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാട് പുലർത്തി. ഭൂരിപക്ഷത്തിന്റെ ഇഷ്ടം നോക്കി സ്വന്തം നിലപാടുകൾ മാറ്റിയില്ല.
തനിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചപ്പോൾ അതിനെ ബാബുപോൾ ചെറുത്തത് വിസ്‌മരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
ജസ്റ്റിസ് സിറിയക് ജോസഫ്, മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ്, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ഒ.ബി. രാധാകൃഷ്ണൻ, എബ്രഹാം വാക്കനാൽ, ബെച്ചു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.