vadakkekara-life-rebild
ലൈഫ് മിഷൻ, റീബിൽഡ് കേരള പദ്ധതികളിൽ വടക്കേക്കര പഞ്ചായത്തിൽ പൂർത്തീകരിച്ച 514 വീടുകളുടെ താക്കോൽദാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, എം.എൽ.എമാരായ എസ്. ശർമ്മ, വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം.

പറവൂർ : ജാതിഭേദങ്ങളില്ലാതെ ഒന്നിച്ചു നിന്നതാണ് മഹാപ്രളയത്തെ അതിജീവിക്കാൻ നമ്മളെ സഹായിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ, റീബിൽഡ് കേരള പദ്ധതികളിൽ വടക്കേക്കര പഞ്ചായത്തിൽ പൂർത്തീകരിച്ച 514 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നുമുഖ്യമന്ത്രി.

ഒന്നിച്ചു നിന്നാൽ എന്തും നേരിടാനാകുമെന്ന് നമ്മൾ തെളിയിച്ചു. പ്രളയത്തിനു ശേഷം കേരള ജനതയുടെ പ്രവർത്തനങ്ങൾ ലോക അംഗീകാരം നേടി. പ്രളയദുരിതം അനുഭവിച്ച ആരെയും മാറ്റിനിറുത്തില്ല. നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സഹായം നൽകും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയമിച്ചു.

ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ മുൻകരുതലെടുക്കേണ്ട നാടായി നമ്മുടെ നാട് മാറുകയാണ്. കാലവസ്ഥാ വ്യതിയാനം നേരിടാൻ സ്വീകരിച്ചുവരുന്ന നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്. ഇതിനായി രാജ്യത്തേയും പുറത്തുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജില്ലയിൽ ഒന്നാമതെത്തിയ കുടുംബശ്രീ സി.ഡി.എസിനെ കലക്ടർ എസ്.സുഹാസും ഇതിനായി പണം അനുവദിച്ച ബാങ്കുകളെ എസ്. ശർമ എം.എൽ.എയും ആദരിച്ചു. മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും വിൽപനയും നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിവിധ സംഘടനകളും സ്ഥാപനങ്ങളും ധനസഹായം നൽകി.

പി.എസ്. ഷൈല, യേശുദാസ് പറപ്പിള്ളി, ടി.ആർ.ബോസ്, കെ.പി. വിശ്വനാഥൻ, പി.ആർ. സൈജൻ, എസ്. ജയകൃഷ്ണൻ, കെ.വി. മാലതി, ഏണസ്റ്റ് സി. തോമസ്, ഗീവർഗീസ്, എം.എച്ച്. ഹരീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് സ്വാഗതവും സെക്രട്ടറി എം.കെ. ഷിബു റിപ്പോർട്ടും വൈസ് പ്രസിഡന്റ് കെ.യു. ജിഷ നന്ദിയും പറഞ്ഞു.

--------------------------------------------------------------

വടക്കേക്കരയിൽ ലൈഫ് പദ്ധതിയിൽ 152 വീടുകളുടെയും കെയർ ഹോം പദ്ധതിയിൽ 54 വീടുകളുടെയും റീബിൽഡ് കേരളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 4 ലക്ഷം രൂപ ലഭിച്ച ഗുണഭോക്താക്കൾ നിർമിച്ച 305 വീടുകളുടെയും സർക്കാർ ഇതര ഏജൻസികളുടെ സഹകരണത്തോടെ നിർമിച്ച 3 വീടുകളുടെയും താക്കോലുകളാണ് നൽകിയത്. 162 വീടുകളുടെ നിർമാണം നടന്നുവരികയാണ്. കഴിഞ്ഞ പ്രളയത്തിൽ 700 വീടുകളാണ് വടക്കേക്കരയിൽ തകർന്നത്.

കുടുംബശ്രീ വഴി നടപ്പാക്കിയ റീസർജന്റ് കേരള ലോൺ സ്കീം പലിശ രഹിത വായ്പ പദ്ധതി മുഖേന പഞ്ചായത്തിലെ 5,000 കുടുംബങ്ങൾക്കായി 42 കോടി രൂപ വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് വടക്കേക്കരയിലാണ്.