#2015 ൽ പൊലിഞ്ഞത് 11 ജീവനുകൾ
#അന്ന് 38 യാത്രക്കാരിൽ 27 പേരെ നാട്ടുകാരും വിദേശികളും ചേർന്ന് രക്ഷപ്പെടുത്തി
ഫോർട്ടുകൊച്ചി: ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് നാല് വയസ്.2015 ആഗസ്റ്റ് 26ന് ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ബോട്ട് ദുരന്തം ഉണ്ടായത്. വൈപ്പിനിൽ നിന്നും 38 യാത്രക്കാരുമായി ഫോർട്ടുകൊച്ചിയിലേക്ക് വരികയായിരുന്ന എം.വി. ഭാരത് എന്ന ബോട്ടാണ് അപകടത്തിൽ തകർന്ന് 11 ജീവൻ ഇല്ലാതായത്.ജെട്ടിയിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ച് അമിത വേഗത്തിൽ എത്തിയ മത്സ്യബന്ധന യാന (ഇൻബോർഡ് വള്ളം) മാണ് ബോട്ടിനെ ഇടിച്ച് തകർത്തത്. നാടും നഗരവും ഓണ ലഹരിയിലായിരുന്നു ആ സമയത്ത്.ഇതോടെ എല്ലാ ആഘോഷവും മാറ്റി വെച്ച് എല്ലാവരും ദുരന്തമുഖത്തേക്ക് ഓടി എത്തുകയായിരുന്നു. കൊച്ചി നഗരസഭയുടേതായിരുന്നുു ബോട്ട്. 38 യാത്രക്കാരിൽ 27 പേരെ നാട്ടുകാരും വിദേശികളും ചേർന്ന് രക്ഷപ്പെടുത്തി. അപകട ദിവസം 6 മൃതദേഹങ്ങളും പിന്നീട് 4 ഉം കായലിൽ നിന്നും ലഭിച്ചു. ഒരാൾ ഫോർട്ടുകൊച്ചി ഗവ.ആശുപത്രിയിൽ ചികിത്സയിൽ മരിച്ചു.മരിച്ചവരുടെ കുടുംബത്തിന് കുറച്ച് പണം നൽകി അധികാരികൾ തടിയൂരിയതല്ലാതെ അന്വേഷണം എങ്ങും എത്തിയില്ല. പൊലീസ് എ.ഡി.ജി.പി അടക്കമുള്ള വിവിധ ഏജൻസികൾ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ബോട്ടിന്റെ കാലപ്പഴക്കം പറഞ്ഞ് തടി ഊരുകയായിരുന്നു.ദുരന്തത്തിന് ശേഷം നഗരസഭ കൊണ്ടുവന്ന റോ റോ സർവീസും വർഷം നാല് ആയിട്ടും പൂർണതോതിൽ സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല.
ബോട്ടപകടത്തിൽ മരിക്കുന്ന കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും ഇൻഷ്വറൻസ് പരിരക്ഷ യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ വിജ്ഞാപനത്തിന് ഒരുക്കങ്ങളായി. കേരള ഇൻ ലാന്റ് വെസൽസ് റൂളിൽ ഇൻഷ്വറൻസ് ക്ലെയിം പരിഗണിക്കുന്നതു കൂടി ഉൾപ്പെടുത്തിയാണ് വിജ്ഞാപനം ഇറക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാകും. വാഹനാപകട നഷ്ടപരിഹാര കേസ് പരിഗണിക്കുന്ന മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബൂണലുകൾക്ക് ബോട്ടപകട നഷ്ടപരിഹാര കേസുകൾ കൂടി പരിഗണിക്കാൻ അനുമതി നൽകിയാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്.