കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, സിനഡ് യോഗം നടക്കുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിലേയ്ക്ക് അതിരൂപതാ അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാറാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സഹായ ബിഷപ്പുമാരുടെ അഭ്യർത്ഥനയെ തുടർന്ന് ഉപരോധവും കുടിൽകെട്ടി സമരവും ഉപേക്ഷിച്ചായിരുന്നു റാലി.
നവോദയ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ 5000 വിശ്വാസികൾ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു. അതിരൂപതയ്‌ക്ക് നീതി ലഭിക്കുംവരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അൽമായ മുന്നേറ്റം തീരുമാനിച്ചു. വത്തിക്കാൻ രണ്ടു തവണ നൽകിയ നിർദേശപ്രകാരം സിനഡിൽ ചർച്ച നടക്കുന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. സിനഡ് സ്വീകരിക്കുന്നത് അതിരൂപതയ്‌ക്ക് നീതി ലഭ്യമാക്കുന്ന തീരുമാനമല്ലെങ്കിൽ വിശ്വാസികളും വൈദികരും അംഗീകരിക്കില്ല.
റാലിയിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർദ്, കൺവീനർ ബിനു ജോൺ മൂലൻ, ജോസ് മഴുവഞ്ചേരി, ഷൈജു ആന്റണി, മാത്യു കാറോണ്ടുകടവിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതാ കോർ ടീം അംഗങ്ങളായ റിജു കാഞ്ഞൂക്കാരൻ, ബോബി ജോൺ മലയിൽ, ജോജോ ഇലഞ്ഞിക്കൽ, ജോമോൻ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, വിജിലൻ ജോൺ, ജൈമോൻ ദേവസ്യ, ഷിജോ മാത്യു എന്നിവർ നേതൃത്വം നൽകി.