നെടുമ്പാശേരി: പ്രവാസി മലയാളികൾക്ക് കനത്ത ഇരുട്ടടി നൽകി ഗൾഫ് സെക്ടറിലേക്കുള്ള വിമാന നിരക്കിൽ വൻ വർദ്ധനവ്. വിദ്യാലയങ്ങളിലെ വെക്കേഷൻ കണക്കിലെടുത്ത് നാട്ടിലെത്തിയ പ്രവാസികൾ ഇതോടെ വെട്ടിലായി. അടുത്ത മാസം ആദ്യത്തോടെയാണ് ഇവരെല്ലാം മടങ്ങേണ്ടത്.
ഓണത്തിന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവിനും സാധ്യതയുണ്ട്. ആഴ്ചകൾക്ക് മുമ്പുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ട്. ഇനിയും കൂട്ടാനാണ് ഇപ്പോൾ തീരുമാനം. യു.എ.ഇ, ദോഹ, കുവൈറ്റ്, ബഹ്റൈൻ, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂർ, കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്തവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിലാണ് വർദ്ധന. യു.എ.ഇയിലേക്ക് ആഗസ്റ്റ് രണ്ടാം വാരം മുതൽ വർദ്ധിപ്പിച്ച 21000 മുതൽ 26000 രൂപ വരെയുള്ള ശരാശരി ടിക്കറ്റ് നിരക്ക് സെപ്തംബർ രണ്ടാം വാരം മുതൽ 34250 രൂപയാകും.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷാർജ , ദുബായ് റൂട്ടുകളിൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ , എമിറേറ്റ്‌സ് , അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവെയ്‌സ് എന്നീ വിമാന കമ്പനികൾക്ക് ഈ കാലയളവിൽ പല ദിവസങ്ങളിലും 35,000 രൂപയ്ക്ക് മുകളിലാണ് യാത്രാ നിരക്ക്.
ബഡ്ജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്‌സ്പ്രസ് , ഇൻഡിഗോ , ഗോ എയർ തുടങ്ങിയവയും ഇതേ നിരക്ക് ഈടാക്കുന്നു.
കണ്ണൂരിൽ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്ന ഏക കമ്പനിയായ ഗോ എയർ അവസരം മുതലാക്കി സെപ്തംബർ രണ്ടാം വാരം മുതൽ നിരക്ക് 41000 രൂപയാക്കിയിട്ടുണ്ട്.