കൊച്ചി: ലഷ്‌കറെ തയ്ബ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്ത തൃശൂർ മതിലകം സ്വദേശി അബ്‌ദുൾ ഖാദർ റഹിമിനെയും ഒപ്പമുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ യുവതിയെയും തത്‌കാലം വെറുതേവിട്ടു.
26 മണിക്കൂർ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ ചോദ്യം ചെയ്യലിൽ റഹീമിന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. ഇയാളുടെ മൊഴി വിശദമായി പരിശോധിച്ച് ഇനിയും അന്വേഷണം നടത്തുമെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ആറു മണിയോടെ ഇരുവരെയും കുടുംബാംഗങ്ങൾക്കൊപ്പം വിട്ടു.
ശ്രീലങ്കയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ലഷ്‌കർ ഭീകരർക്കൊപ്പം അബ്ദുൾ ഖാദർ റഹീമുണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തത്. വാർത്ത പുറത്തുവന്നതോടെയാണ് താൻ ഭീകരനായെന്ന വിവരമറിഞ്ഞതെന്ന് റഹീം വ്യക്തമാക്കി. പൊലീസ് പിടികൂടാതിരിക്കാൻ ഒളിവിൽ പോകുകയും ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയപ്പോൾ പിടിയിലാകുകയുമായിരുന്നു. റഹീമിന്റെ ആലുവയിലെ വർക്‌ഷോപ്പിന് സമീപത്തുവച്ച് നേരത്തേ യുവതി പിടിയിലായിരുന്നു.
ബഹറിനിലെ പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീർക്കാർ അവർ ഭീകരനായി ചിത്രീകരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന വാദമാണ് ചോദ്യം ചെയ്യലിലും റഹീം ആവർത്തിച്ചത്. ഈ സംഭവത്തിൽ ബഹറിൻ പൊലീസും ചോദ്യം ചെയ‌്തിരുന്നു. നാലു ദിവസം മുമ്പാണ് യുവതിയുമായി റഹീം കേരളത്തിലെത്തിയത്.
എറണാകുളത്ത് പൊലീസിന്റെ ഉടമസ്ഥതയിലുള്ള സേഫ് ഹൗസിൽ മിലിട്ടറി ഇന്റലിജൻസ്, റോ, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച്, സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്‌തത്. വിശദമായി മൊഴി രേഖപ്പെടുത്തിയാണ് വിട്ടയയ്‌ക്കുന്നതെന്ന് സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ
കേരളകൗമുദിയോട് പറഞ്ഞു. ഇതുവരെ ഭീകരരുമായി ബന്ധിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. റഹീമിനെതിരെ ചില വിവരങ്ങൾ ലഭിച്ചപ്പോഴാണ് കസ്‌റ്റഡിയിലെടുത്തത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊലീസ് നിരീക്ഷണത്തിലായിരിക്കും. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.