highcourt

കൊച്ചി : പട്ടയം നൽകിയത് ഏതാവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിലേ ബിൽഡിംഗ് പെർമിറ്റ് നൽകാവൂ എന്ന കെട്ടിട നിർമ്മാണ ചട്ട ഭേദഗതി സർക്കാർ രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

വയനാട് വേങ്ങപ്പള്ളി പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റനുസരിച്ചു നിർമ്മിച്ച റിസോർട്ടിന് ഭൂനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെസ്റ്റ് വൈൻ റിസോർട്ട് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ വിവിധ വകുപ്പുകൾ ചേർന്ന് ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നത് ഉചിതമാകുമെന്ന് ഹർജി പരിഗണിച്ചപ്പോൾ നേരത്തേ സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് ബിൽഡിംഗ് പെർമിറ്റിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഇടുക്കി ജില്ലയിൽ നിർബന്ധമാക്കി റവന്യു വകുപ്പ് ആഗസ്റ്റ് 22ന് പുറത്തിറക്കിയ ഉത്തരവ് സർക്കാർ ഹാജരാക്കിയത്.

ഇടുക്കി ജില്ലയിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റില്ലാതെ ബിൽഡിംഗ് പെർമിറ്റ് നൽകരുതെന്ന് തദ്ദേശ ഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറക്കണമെന്നും ഇതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും റവന്യു വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവു പരിശോധിച്ച ഹൈക്കോടതി ബിൽഡിംഗ് പെർമിറ്റിനുള്ള വിവിധ വകുപ്പുകളുടെ കോ ഓർഡിനേഷൻ ഉറപ്പാക്കാൻ വ്യവസായ , ടൂറിസം സെക്രട്ടറിമാരെ കക്ഷി ചേർത്തു. സംസ്ഥാനത്താകെ ബാധകമാകുന്ന തരത്തിൽ കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.