പെരുമ്പാവൂർ: പെരുമ്പാവൂർ മുനിസിപ്പൽ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും വ്യാപിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയെ കുറിച്ച് പഠിക്കുവാനും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുവാനും കേരള ഫോറസ്റ്റ് റിസർച്ച് ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഗവേഷക കീർത്തി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച പെരുമ്പാവൂരിലെത്തും.
പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുവാൻ കഴിഞ്ഞ ദിവസം ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്ററിൽ യോഗം നടന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ പ്രതിരോധിച്ചെങ്കിൽ മാത്രമെ ഇവയെ നാട്ടിൽ നിന്നും ഉൻമൂലനം ചെയ്യുവാൻ കഴിയൂവെന്ന് യോഗം വിലയിരുത്തി. തൃശൂരിൽ നിന്നും എത്തുന്ന പഠന സംഘത്തിന്റെ മാർഗ നിർദേശമനുസരിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു.
പെരുമ്പാവൂർ നഗരസഭ ചെയർപേഴ്ണൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്‌ക്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി പദ്ധതി ഓർഗനൈസർ ഇസ്മായിൽ പള്ളിപ്രം അദ്ധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർപേഴ്ണൻ നിഷവിനയൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബശീർ, സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻമാരായ സുശീല ഗോപാലകൃഷ്ണൻ, വൽസല രവികുമാർ,സജീന ഹസൻ, മാവിൻചുവട് റസിഡൻസ് അസോസിയേഷന് പ്രസിഡന്റ് ബശീർ കച്ചാംകുഴി, ശ്രീജ വിജയൻ,ബീനരാജൻ,മേഴ്‌സി ജോൺസൺ, ലിഷ രാജേഷ്, ഷിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ആഫ്രിക്കൻ ഒച്ചുകളുടെ താവളമായ പറപ്പുറം ആയുർവേദ ആശുപത്രിക്ക് സമീപമുള്ള ആൾതാമസമില്ലാത്ത പറമ്പിലും സമീപ പ്രദേശങ്ങളിലും ഗവേഷകർ പരിശോധന നടത്തും.

പാറപ്പുറത്തുനിന്നും ലഭിച്ച ഭീമൻ ആഫ്രിക്കൻ ഒച്ചുകളെ പ്രദർശിപ്പിച്ചു.