നെടുമ്പാശേരി: രണ്ട് വർഷത്തിന് ശേഷം ആലുവ അങ്കമാലി ദേശീയപാതയിലെ കരിയാട് ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റുകൾ തെളിഞ്ഞു. തൃശൂർ, അങ്കമാലി ഭാഗത്ത് നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ നിരവധി വാഹനങ്ങൾ കരിയാട് ജംഗ്ഷനിൽ നിന്നാണ് തിരിയുന്നത്.
നെടുമ്പാശേരി പഞ്ചായത്ത് ഓഫീസ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ ജംഗ്ഷനിലാണ്. കരിയാട് മറ്റൂർ വഴി എം.സി റോഡിലേക്ക് പോകുന്ന വാഹനങ്ങളും ഇവിടെ നിന്നാണ് തിരിയുന്നത്. ദേശീയ പാതയിൽ അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ജംഗ്ഷൻ കൂടിയാണ് കരിയാട്. സോളാർ വൈദ്യുതി ഉപയോഗിച്ചാണ് സിഗ്‌നൽ ലൈറ്റുകൾ പ്രകാശിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി സ്ഥാപിച്ചിരുന്ന ബാറ്ററികൾ നിരന്തരം മോഷണം പോയി. സിഗ്‌നൽ കാലുകൾ വാഹനമിടിച്ച് നശിക്കുകയും ചെയ്തു. സിഗ്‌നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും നടന്നിരുന്നു. നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിഇടപെട്ടാണ് സിഗ്‌നൽ വിളക്കുകൾ പുനഃസ്ഥാപിച്ചത്. ദേശീയപാത അധികൃതരുടെ അനുമതിയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ )സഹകരണത്തോടെ കെൽട്രോണാണ് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിച്ചത്.