pc-thomas

കൊച്ചി : പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ സന്നദ്ധനായി കേരള കോൺഗ്രസ് നേതാവ് പി.സി. തോമസും. എൻ.ഡി.എ ആവശ്യപ്പെട്ടാൽ മത്സരിക്കാൻ മടിയില്ലെന്ന് അദ്ദേഹം കേരളകൗമുദിയോട് വ്യക്തമാക്കി. പാലാ ഉൾപ്പെട്ട കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു തോമസ്.

ഈ മാസം 30ന് കൊച്ചിയിൽ ചേരുന്ന എൻ.ഡി.എ സംസ്ഥാന യോഗത്തിൽ പാലാ തിരഞ്ഞെടുപ്പും ചർച്ചയാകും. പല ഘടകങ്ങളും വിലയിരുത്തിയേ സ്ഥാനാർത്ഥിയെ നിർണയിക്കൂ. സീറ്റു വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടില്ല. പൊതുവിൽ അത്തരമൊരു ആവശ്യം ഉയർന്നാൽ മത്സരിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ 26,000 വോട്ട് പി.സി. തോമസ് നേടിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ. വാസവനെക്കാൾ ആറായിരം വോട്ടിന്റെ കുറവേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.

പാലായിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ. പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം എൻ.ഡി.എയ്ക്ക് ഗുണകരമാകും. മണ്ഡലത്തിന്റെ കിഴക്കൻ മേഖലകളിലെ പഞ്ചായത്തുകളിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എയുടെ സ്വാധീനവും സഹായമാകും. പൊതുസ്വീകാര്യനായ ക്രിസ്ത്യാനിയെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കിയാൽ വിജയിക്കാൻ കഴിയുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകനെന്ന പരിഗണനയും പി.സി. തോമസിന് ലഭിക്കുമെന്നാണ് കേരള കോൺഗ്രസിന്റെ പ്രതീക്ഷ.