കാലടി: മലയാറ്റൂർ - കാലടി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബി ജെ പി കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധസമരം യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ് സലീഷ് ചെമ്മണ്ടൂർ ഉദ്ഘാടനം ചെയ്തു.ഒമ്പത് കോടി രൂപ മുടക്കി ബി എം ബിസി നിലവാരത്തിൽ പണിതീർത്ത റോഡിന്റെ നിർമ്മാണ കാലാവധി തീരും മുൻപേ പൊട്ടിപ്പൊളിഞ്ഞത് നിർമ്മാണത്തിലെ അഴിമതിയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബി ജെ പി കാലടി പഞ്ചായത്ത് കമ്മിറ്റി പ്രസി.സതീഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു.ഉപരോധസമരത്തിൽ ടി.എസ് രാധാകൃഷ്ണൻ, ശശി തറനിലം, വി.കെ.ഭസിത് കുമാർ, ഷീജ സതീഷ്, എം.വി.ശേഖരൻ, സ്മിത്ത് പി.വി., കെ.എസ്. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.