കൊച്ചി : എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി അൻസാർ അലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ജൂലായ് 23ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. അസി. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ 11 -ാം പ്രതിയാണ് ഹർജിക്കാരൻ. അക്രമത്തിൽ പൊലീസ് വാഹനങ്ങൾക്കും ബാരിക്കേഡുകൾക്കും നാശമുണ്ടായെന്നും 10,000 രൂപയുടെ നഷ്ടം സംഭവിച്ചെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 18 നാണ് അൻസാർ അലി അറസ്റ്റിലായത്.