കൊച്ചി : കുടിശികയുടെ പേരിൽ എയർ ഇന്ത്യ, അലയൻസ് എയർ എന്നിവയ്ക്ക് ഇന്ധനം നൽകുന്നത് പൊതുമേഖലാ എണ്ണക്കമ്പനികൾ നിറുത്തിയതവച്ചതിനെ തുടർന്ന് കൊച്ചി - ദുബായ് വിമാനം മൂന്നു മണിക്കൂർ വൈകി. യാത്രക്കാർ പ്രതിഷേധിച്ചത് വിമാനത്താവളത്തിൽ ബഹളത്തിനും കാരണമായി.

അയ്യായിരം കോടി രൂപയുടെ കുടിശിക വന്നതോടെ ആറു വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ ഈ മാസം 22 ന് നിറുത്തിയിരുന്നു. ഡൽഹിയിൽ നിന്നെത്തി ഇന്നലെ രാവിലെ 9.30ന് ദുബായിക്ക് പോകേണ്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ഇന്ധനം കുറവു മൂലം പുറപ്പെടാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം അനിശ്ചിതത്വം വന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. പിന്നീട് ഇന്ധനം ലഭ്യമാക്കി ഉച്ചയ്ക്ക് 12.30 നാണ് വിമാനം പുറപ്പെട്ടത്. മറ്റു വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം അടിച്ചുവരുന്നതിനാൽ ഇന്നലെ വരെ സർവീസിനെ ബാധിച്ചിരുന്നില്ല.

# മൂലധനത്തെ ബാധിച്ചു

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കൊച്ചി, പൂനെ, മൊഹാലി, റാഞ്ചി, പാറ്റ്‌ന, വിശാഖപട്ടണം വിമാനത്താവളങ്ങളിൽ ഇന്ധനം നൽകുന്നത് 22 ന് രാത്രി നിറുത്തിയത്. 250 കിലോലിറ്റർ ഇന്ധനമാണ് ഓരോ വിമാനത്താവളങ്ങളിലും ശരാശരി നൽകുന്നത്.

എണ്ണക്കമ്പനികളുടെ മൂലധന ശേഖരത്തെ കുടിശിക ബാധിച്ച അവസ്ഥയിലാണ് തീരുമാനം. കുടിശിക നൽകിയില്ലെങ്കിൽ വിതരണം നിറുത്തുമെന്ന് ഈമാസം 14 ന് എയർ ഇന്ത്യയെ രേഖാമൂലം അറിയിച്ചിരുന്നു. കുടിശിക നൽകുമെന്ന് എയർ ഇന്ത്യാ മാനേജ്‌മെന്റ് ഉറപ്പും നൽകിയിരുന്നു. 90 ദിവസത്തെ കടമാണ് സാധാരണ നൽകുന്നത്. 230 ദിവസം കവിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് ഐ.ഒ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ സുബോധ് ദക്‌വാലേ അറിയിച്ചു.