government

കൊച്ചി : മൂന്നാറിൽ 11.50 ഏക്കർ ഭൂമി പോക്കുവരവു ചെയ്യാൻ സ്വകാര്യ കമ്പനി നൽകിയ രേഖകളിലെ ഭൂമി സർക്കാർ പുറമ്പോക്കാണെന്നും ഇവിടെ സ്വകാര്യ ഭൂമി നിലവിലില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന മുംബയിലെ കമ്പനിയുടെ പോക്കുവരവിനുള്ള അപേക്ഷയിൽ പറയുന്ന ഭൂമി എഴുപതേക്കർ എന്ന പേരിലറിയപ്പെടുന്ന സർക്കാർ പുറമ്പോക്കാണെന്ന് ബേസിക് ടാക്സ് രജിസ്റ്ററിൽ (ബി.ടി.ആർ) പറയുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ ഭൂമി കമ്പനിക്ക് പോക്കു വരവു ചെയ്തു നൽകാൻ നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ചിന്നക്കനാൽ വില്ലേജ് ഓഫീസറും ഉടുമ്പഞ്ചോല തഹസിൽദാരും നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. മൂന്നാറിൽ പലരുടെ കൈയിൽ നിന്നായി പട്ടയ ഭൂമി 2009 ഫെബ്രുവരി ഒമ്പതിന് കമ്പനി വാങ്ങിയെന്നാണ് രേഖകൾ. പോക്കുവരവ് അപേക്ഷ തള്ളിയതിനെത്തുടർന്ന് കമ്പനി ഹൈക്കോടതിയിലെത്തി.

2015 മേയ് 21ന് ഭൂമി പോക്കുവരവു നടത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. 2019 ജനുവരി ഒമ്പതിന് ഡിവിഷൻ ബെഞ്ച് അപ്പീലും തള്ളി. പോക്കുവരവ് അപേക്ഷ മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നെന്ന് ഉടുമ്പഞ്ചോല തഹസിൽദാർ ഉറപ്പാക്കാനും നിർദ്ദേശിച്ചു. തുടർന്ന് പോക്കുവരവു നടത്തേണ്ട സ്ഥലം തിരിച്ചറിയുന്നതിന് കമ്പനിക്ക് മേയ് 10, 29 തീയതികളിൽ നോട്ടീസ് നൽകി. എന്നാൽ ഭൂമി തിരിച്ചറിഞ്ഞു ബോദ്ധ്യപ്പെടുത്താൻ കമ്പനിയുടെ പ്രതിനിധികൾക്ക് കഴിഞ്ഞില്ലെന്ന് പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.

വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സർക്കാർ കളക്ടറുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ നിയോഗിച്ചു. വൻതോതിൽ റവന്യു ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് സമിതി റിപ്പോർട്ട് നൽകിയത്. കമ്പനി നൽകിയ രേഖകൾ വ്യാജമായതിനാൽ പോക്കുവരവ് ചെയ്തു നൽകാൻ കഴിയില്ല. ഭൂമി പൂർണമായും സർക്കാരിന്റെ കൈവശമുള്ളതാണ്. ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്.

വ്യാജ പട്ടയവും ഹർജിക്കൊപ്പം കമ്പനി ഹാജരാക്കിയിട്ടുണ്ട്. രേഖകൾ പ്രകാരം ഇങ്ങനെ ഭൂമിയില്ലാത്ത സാഹചര്യത്തിൽ പോക്കു വരവു ചെയ്തു നൽകാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും അതുവരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.