കൊച്ചി: നഷ്ടം നികത്താൻ സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. എറണാകുളത്ത് ചേർന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സെൻട്രൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്വകാര്യ ബസുകൾ സർവീസ് നടത്തി വരുന്ന പല റൂട്ടുകളിലും സമയ നിഷ്ഠ പാലിക്കാതെയും പെർമിറ്റില്ലാതെയും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, ഡീസൽവില ദിനംതോറും വർദ്ധിക്കുന്നത് കാരണം വരുമാന നഷ്ടം ഉണ്ടാവുന്നതിനാൽ ബസ് ചാർജ്ജ് അടിയന്തരമായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓണത്തിന് ശേഷം സർക്കാരിന് സമര നോട്ടീസ് നൽകാനാണ് തീരുമാനം. സെപ്തംബർ 18, 19, 20 എന്നീ തീയതികളിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ബസുടമകളിൽ നിന്നും പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചതായി ഫെഡറേഷൻ പ്രസിഡന്റ് എം.ബി സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും അറിയിച്ചു.