തൃക്കാക്കര : കാക്കനാട് പാലച്ചുവട് ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം .എം നാസറാണ് പ്രമേയം അവതരിപ്പിച്ചത്.കൗൺസിലർ പി.വി സന്തോഷ് പ്രമേയത്തെ പിന്താങ്ങി.ഇന്നലെ നഗരസഭാ അദ്ധ്യക്ഷ ഷീല ചാരുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ആരംഭിച്ചയുടൻ നാസർ പ്രമേയവുമായി രംഗത്തെത്തുകയായിരുന്നു. മുൻ സർക്കാർ കൊച്ചി മെട്രോ സിറ്റി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിട്ടുകൊടുത്ത 17.300ഏക്കർ സ്ഥലങ്ങളിൽ പെടുന്നതാണ് ഗ്രൗണ്ട്.
മെട്രോ സിറ്റി പദ്ധതിയുടെ ഭാഗമായി അധികൃതർ ഗ്രൗണ്ട് പലതവണ അടച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിൽ ഗ്രൗണ്ട് വിഷയത്തിൽ പി .ടി തോമസ് എം.എൽ.എയുടെ ഭാഗത്തിനിന്നും അവഗണനയാണുളളതെന്ന് ജിജോ ചിങ്ങം തറ ആരോപിച്ചു.
എം.എൽ.എക്കെതിരെ ഭരണ കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ വാക്കേറ്റമുണ്ടായി.നാസർ കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി സർക്കാരിലേക്ക് അയക്കാൻ തീരുമാനിച്ചു.ഇക്കുറി പ്രളയത്തിന്റെ സാഹചര്യത്തിൽ നഗര സഭ ഓണാഘോഷം ഒരുദിവസമായി ചുരുക്കാൻ തീരുമാനിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റികൾ അറിയാതെ പലകാര്യങ്ങളും കൗൺസിൽ അജണ്ടയിൽ വരുന്നത് ശരിയല്ലെന്ന് കമ്മറ്റി അദ്ധ്യക്ഷന്മാരായ ജിജോ ചങ്ങംതറയും,ഷബ്‌ന മെഹർ അലിയും പറഞ്ഞു.നഗര സഭ ഫ്രണ്ട് ഓഫീസ് നവീകരണങ്ങളുടെ തുടർച്ചയായി 1,75,11,512.00 രൂപക്ക് സർക്കാർ ഏജൻസിയായ സിഡ്കോക്ക് കൊടുക്കുവാനുളള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.സിഡ്കോക്ക് കൊടുക്കാതെ ടെൻഡർ വിളിക്കണമെന്ന് കൗൺസിലർ ടി .ടി ബാബു പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കണക്കുകൾ കൃത്യമായി പരിശോധിച്ചശേഷം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യാൻ മാറ്റിവച്ചു.നഗര സഭയുടെ സ്വപ്ന പദ്ധതിയായ പഴങ്ങാട്ടുചാൽ ടുറിസം പദ്ധതി ചിലർ അട്ടിമറിക്കാൻ നോക്കുന്നതായി കൗൺസിലർ എൻ .കെ പ്രദീപ് സഭയിൽ ആരോപിച്ചു.നഗര സഭ പുതിയ എൽ.ഇ.ഡി ലൈറ്റുകൾ വക്കുന്നത് വ്യാപകമായി തകരാറിലാവുന്നതായി കൗൺസിലർമാർ പറഞ്ഞു.പുതിയ ലൈറ്റുകൾക്ക് ടെൻഡർ വിളിക്കുമ്പോൾ അവർക്കുതന്നെ തകരാർ പരിഹരിക്കാനുളള സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു