revenue

കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ പത്തു നിർദ്ദേശങ്ങളുമായി റവന്യു വകുപ്പ് ഉത്തരവിറക്കി. പട്ടയ ഭൂമിയിൽ നിർമ്മാണത്തിന് തദ്ദേശ ഭരണ സ്ഥാപനം അനുമതി നൽകിയശേഷം ഒക്യുപെൻസി സർട്ടിഫിക്കറ്റ് തടയുന്നതു ചോദ്യം ചെയ്യുന്ന ഹർജിയിൽ ആഗസ്റ്റ് 22 ലെ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. നിർദ്ദേശങ്ങളിങ്ങനെ :

 കൈയേറ്റ ഭൂമി, പലരുടെ പട്ടയഭൂമി ഒരുമിച്ചു വാങ്ങി കൂട്ടിച്ചേർത്ത ഭൂമി, പട്ടയ വ്യവസ്ഥ ലംഘിക്കാനാവാത്ത ഭൂമി എന്നിവിടങ്ങളിലെ നിർമ്മാണാനുമതിയില്ലാത്ത കെട്ടിടങ്ങൾ അനധികൃതമായി കണ്ട് ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് നൽകണം.

 അപേക്ഷകനോ ആശ്രിതനോ മറ്റെങ്ങും ഭൂമിയില്ലെങ്കിൽ 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ 1500 ചതുരശ്രയടിക്കു താഴെയുള്ള കെട്ടിടത്തിന്റെ നിർമ്മാണം ക്രമപ്പെടുത്തി നൽകാം.

 മേൽപറഞ്ഞ വ്യവസ്ഥയിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം അപേക്ഷകന്റെ ഏക ജീവനോപാധിയാണെങ്കിൽ ഇതനുവദിക്കാൻ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകണം.

 ഈ ഗണങ്ങളിൽ പെടാത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമ്മിതിയും സർക്കാരിലേക്ക് നിക്ഷിപ്തമാക്കുകയും പിന്നീട് വ്യവസ്ഥകൾ പ്രകാരം പാട്ടത്തിനു നൽകുകയും ചെയ്യാം.

 സർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന ഇത്തരം ഭൂമിയും കെട്ടിടവും പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

 അനധികൃത പട്ടയത്തിൽ ഉൾപ്പെടുത്തിയതും പിന്നീട് സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങൾ (രവീന്ദ്രൻ പട്ടയം) പരിശോധിക്കാൻ നിയോഗിക്കപ്പെട്ട അഞ്ചംഗ സമിതി പരിശോധന പൂർത്തിയാക്കി മൂന്നു മാസത്തിനകം തുടർ നടപടികൾ സ്വീകരിക്കണം.

 മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ അവിടെയുണ്ടായിരുന്ന കേസുകൾ പഴയ കോടതികളിലേക്ക് മടക്കി നൽകാനുള്ള ഓർഡിനൻസ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിക്കണം.

 ഏതാവശ്യത്തിനാണ് പട്ടയമെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് ബിൽഡിംഗ് പെർമിറ്റിന് നിർബന്ധമാക്കാൻ തദ്ദേശ ഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിക്കണം.

 ബിൽഡിംഗ് പെർമിറ്റിന് പട്ടയത്തിന്റെ സ്വഭാവം വ്യക്തമാക്കി വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യണം.

 വട്ടവട, ചിന്നക്കനാൽ ഒഴികെയുള്ള മേഖലകൾ ഉൾപ്പെടുന്ന ടൗൺ പ്ളാനിംഗ് സ്കീമിന് ആറ് മാസത്തിനകം തദ്ദേശ ഭരണ വകുപ്പ് രൂപം നൽകണം.