പ്ളാന്റിന് ബ്രഹ്മപുരത്ത് സ്ഥലം നൽകില്ല: നഗരസഭ

കൊച്ചി: ഭരണ പ്രതിപക്ഷ ഭേദമന്യ കൗൺസിലർമാർ ഒന്നടങ്കം എതിർത്തതോടെ ബ്രഹ്മപുരം പ്ളാന്റ് വളപ്പിൽ ആശുപത്രി മാലിന്യ സംസ്കരണ യൂണിറ്റിന് അനുമതി നൽകേണ്ടതില്ലെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഭരണസമിതിയുമായി ധാരണയിൽ എത്താതെ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്ന് മേയറുടെ അഭാവത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് പറഞ്ഞു. ആരോഗ്യസ്ഥിരം സമിതിയിൽ ഈ ഫയൽ വന്നിട്ടില്ലെന്ന് അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

#തള്ളിയ പദ്ധതി വീണ്ടും തള്ളി

പദ്ധതി നടപ്പാക്കാനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്(ഐ.എം.എ) പുതിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ നിർദേശത്തെ തുടർന്നാണു ഒരിക്കൽ നഗരസഭ തള്ളിയ പദ്ധതി വീണ്ടും കൗൺസിൽ യോഗത്തിൽ എത്തിയത്.

# ചോദിച്ചത് മൂന്ന് ഏക്കർ

2015 ലാണ് ആശുപത്രി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനുള്ള പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനുള്ള ഐ.എം.എ നിർദേശം വരുന്നത്. തുടർന്ന് ബ്രഹ്മപുരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മൂന്ന് ഏക്കർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഐ.എം.എയ്ക്ക് അനുവദിച്ച് 2015 സെപ്തംബർ 23ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
എന്നാൽ ബ്രഹ്മപുരത്തു പ്രാദേശികമായി തന്നെ ഈ നിർദേശത്തിനെതിരെ പ്രതിഷേധം ഉയർന്നു. ഇതോടെ നഗരസഭ കൗൺസിലും ആരോഗ്യകാര്യ സ്ഥിരം സമിതിയും പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നിലപാടെടുത്തതോടെയാണ് പദ്ധതി നിർജീവമായത്.

ഐ.എം.എ പ്ലാന്റിനായി നേരത്തെ പറഞ്ഞിരുന്ന മൂന്ന് ഏക്കറും കൂടി ഉൾപ്പെട്ട 20 ഏക്കർ ഭൂമിയാണ് പിന്നീട് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ലാന്റ് സ്ഥാപിക്കാനായി നൽകിയത്.
കഴിഞ്ഞ ജൂൺ 14ന് തിരുവനന്തപുരത്തു നടന്ന ഹരിത ട്രൈബ്യൂണൽ യോഗത്തിലാണ് വീണ്ടും ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് നിർദേശം ചർച്ചയായത്. 2015ലെ ഉത്തരവിൽ പറഞ്ഞ സ്ഥലം മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിക്കുന്ന പ്ലാന്റിനായി നൽകിയതിനാൽ ഐ.എം.എ പ്ലാന്റിനായി അവിടെ തന്നെ പകരം മൂന്ന് ഏക്കർ മൂന്ന് ദിവസത്തിനുള്ളിൽ അളന്നു തിട്ടപ്പെടുത്തി നൽകാൻ അഡി.ചീഫ് സെക്രട്ടറി നഗരസഭ സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് സൂപ്രണ്ടിംഗ് എൻജിനിയർ പുതിയ സ്ഥലം കണ്ടെത്തി ആ നിർദേശം കൗൺസിലിൽ വയ്ക്കുകയായിരുന്നു.