കോലഞ്ചേരി: പ്രളയവും വില ഇടിച്ചിലും നടുവൊടിക്കുമെന്ന് കരുതി കേരകർഷകർ ആശങ്കയിലാണ്ടെങ്കിലും തേങ്ങ വില കുതിക്കുകയാണ്. തേങ്ങയില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത വീട്ടമ്മമാർക്ക് ആധിയും.

ഒരു മാസം മുമ്പു വരെ 27 -30 വരെയായിരുന്ന പൊതിച്ച തേങ്ങവില അമ്പത് എത്താറായി. റീട്ടെയിൽ ഷോപ്പുകളിൽ വില കിലോ 45 വരെയാണ്. ഓണമടുക്കുന്തോറും വില 50 ലെത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വെളിച്ചെണ്ണ വിലയും റോക്കറ്റിലേറിയത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുമ്പെ 180 ൽ നിന്ന വെളിച്ചെണ്ണ വില 200 ലെത്തി. ഇനിയും ഉയരുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. തേങ്ങ വില ഇടിഞ്ഞു കർഷകർക്ക് വൻ നഷ്ടം നേരിട്ട സാഹചര്യത്തിൽ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച് തേങ്ങ സംഭരിക്കാൻ കൃഷി മന്ത്രി ഉത്തരവിട്ടിരുന്നു. നിർദ്ദേശം നടപ്പാകും മുമ്പു തന്നെ വില കുതിപ്പിലെത്തി. വില കുറഞ്ഞു നിന്നപ്പോൾ തേങ്ങ വാങ്ങി കൊപ്രയാക്കി സംഭരിക്കാറായിരുന്നു പതിവ്. കേരഫെഡ് ഇക്കുറി സംഭരണം നടത്തിയില്ല. വില ഉയർന്നത് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്. നാടൻ തേങ്ങയ്ക്ക് വില ഉയരുമ്പോഴും പാണ്ടിത്തേങ്ങയ്ക്ക് 18മുതൽ 25 രൂപവരെയാണ് വില. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന് വില്ക്കുന്ന ഇത്തരം തേങ്ങയ്ക്ക് ചിരട്ടയ്ക്ക് കനം മാത്രമേയുള്ളൂ ഉള്ളിൽ കാമ്പില്ലത്രെ. അതിനിടെ നാട്ടിൽ

തെങ്ങുള്ളവർ നേരിടുന്ന വലിയ പ്രതിസന്ധി തേങ്ങായിടാൻ ആളെ കിട്ടുന്നില്ലെന്നതാണ്, ഒരു തെങ്ങിൽ കയറാൻ

നൂറു രൂപവരെയായി നഗരപ്രദേശങ്ങളിൽ കൂലി.