മൂവാറ്റുപുഴ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽആരോഗ്യ ഇൻഷ്വറൻസ് പുതുക്കുന്നതിനുള്ള തിയതി നീട്ടണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്ക്കത്ത് നൽകി. പഞ്ചായത്തുകളിൽ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കുന്നതിന് സർക്കാർ പ്രത്യേക ഏജൻസിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു യൂണിറ്റും അതിന്റെ ജീവനക്കാരുമാണുള്ളത്. കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി ഈമാസം 29ന് അവസാനിക്കാനിരിക്കെ പഞ്ചായത്തുകളിലേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തിയതോടെ എല്ലാ സ്ഥലങ്ങളിലും നീണ്ട ക്യൂവാണ്. ആരോഗ്യ ഇൻഷ്വറൻസിൽ അംഗമാകുന്ന ഒരാൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യമാണ് ലഭിക്കുന്നത്. കാർഡ് പുതുക്കുന്നതിന് റേഷൻ കാർഡിലെ ഗ്രഹനാഥ മതിയെങ്കിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങളും എത്തണം. ഇവരുടെ ഫോട്ടോയും, രേഖകളും പരിശോധിച്ച് കമ്പ്യൂട്ടറിലേയ്ക്ക് ആഡ്‌ചെയ്യുന്നതടക്കം ഏറെ സമയമാണ് ഒരു കുടുംബത്തിനായി വേണ്ടിവരുന്നത് ഒരുമാസം കൂടി നീട്ടി നൽകിയാൽ നിരവധി ആളുകൾക്ക് ആശ്വാസമാകുമെന്നും, കാർഡിന്റെ കാലാവധി ഒരു വർഷമെന്നത് അഞ്ച് വർഷമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.