കൊച്ചി∙ ഭീകരബന്ധം സംശയിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൾ ഖാദർ റഹീമിനെതിരായ (39)അന്വേഷണം തത്ക്കാലം അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി റഹീം കോയമ്പത്തൂരിലേക്കു നടത്തിയ ഫോൺ വിളി സംബന്ധിച്ച തെളിവെടുപ്പ് ഇന്നലെ രാത്രിയും അവസാനിച്ചിട്ടില്ല.
ശനിയാഴ്ച എറണാകുളം ജില്ലാക്കോടതി സമുച്ചയത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത റഹീമിനെ ഞായറാഴ്ച വിട്ടയച്ചെങ്കിലും ഇന്നലെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കോയമ്പത്തൂരിലേക്കുള്ള ഫോൺ വിളി സംബന്ധിച്ച തെളിവെടുപ്പാണ് നടത്തിയത്. റഹീം നൽകിയ മൊഴികൾ പരിശോധിക്കും.
പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. വിദേശത്തെ ഭീകരസംഘടനകളുമായി റഹീം അടുപ്പം പുലർത്തുന്നതായുള്ള വിവരമാണു പൊലീസിനു ലഭിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു റഹീമിനെ അറസ്റ്റ് ചെയ്യാതിരുന്നത്.