കരാറുകാരന് ചട്ടം ലംഘിച്ച് ഫണ്ട് അനുവദിച്ചു
കൊച്ചി: മേയർക്കെതിരെയുള്ള ശക്തമായ എതിർപ്പ് പരസ്യമാക്കി ഭരണപക്ഷത്തെ ഏഴ് കൗൺസിലർമാർ. ഇന്നലെ കൗൺസിൽ യോഗത്തിന്റെ ഒടുവിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പണി തീരും മുമ്പ് തുരുത്തി കോളനിയിലെ ഹൗസിംഗ് പദ്ധതി കരാറുകാരന് സെക്യൂരിറ്റി തുകയും റീടെൻഷൻ തുകയും തിരിച്ചുനൽകണമെന്ന അജണ്ട വന്നതോടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി . ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് ആയിരുന്നു അദ്ധ്യക്ഷ പദവി വഹിച്ചിരുന്നത്. അജണ്ട മാറ്റിവയ്ക്കാമെന്ന് അദ്ധ്യക്ഷൻ പറഞ്ഞെങ്കിലും മേയർക്കെതിരെ വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു.
മേയറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് കൗൺസിലർമാരായ വി.കെ.മിനിമോൾ, ഹേമ പ്രഹ്ളാദൻ, ഷമീന, ഗ്രേസി ബാബു ജേക്കബ്ബ്, മുരളീധരൻ, ടി.കെ.അഷ്റഫ്, (മുസ്ളീംലീഗ്), ജോൺസൺ (കേരള കോൺഗ്രസ്) എന്നിവർ വിയോജനകുറിപ്പ് എഴുതി നൽകിയത് ഭരണപക്ഷത്തെ ഞെട്ടിച്ചു. രംഗം വഷളാകുമെന്ന് കണ്ടതോടെ അദ്ധ്യക്ഷൻ യോഗം അവസാനിപ്പിച്ചു.
വർക്കിന്റെ അവസാനഘട്ടത്തിൽ റീടെൻഷൻ തുകയും വർക്ക് പൂർത്തിയായ ശേഷം സെക്യൂരിറ്റി തുകയും നൽകാവൂ എന്നാണ് ചട്ടം. ഈ രണ്ടു വ്യവസ്‌ഥകളെയും കാറ്റിൽ പറത്തി പണം നൽകുന്നതിന് മേയർ മുൻകൂർ അനുമതി നൽകിയെന്നു മാത്രമല്ല ഫയലിൽ ഒപ്പ വച്ച ദിവസം തന്നെ കരാറുകാരന് തുക കൈമാറിയതായും പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കൗൺസിലർമാരായ വി.പി.ചന്ദ്രൻ, സി.എ.പീറ്റർ,ബെനഡിക്‌ട് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
# കരാറുകാരന് സാമ്പത്തിക ബുദ്ധിമുട്ട്
നഗരസഭ രാജീവ് ആവാസ് യോജന പ്രകാരം ഫോർട്ടുകൊച്ചി രണ്ടാം ഡിവിഷനിലെ തുരുത്തി കോളനിയിലാണ് നിർമ്മാണം.
ഷെഡ്യൂൾ പ്രകാരമുള്ള വർക്ക് പൂർത്തീകരിച്ചതിന് കരാറുകാരന് നൽകേണ്ടത്: 95 ലക്ഷം രൂപ
അധിക പ്രവൃത്തികളിൽ എക്സ്ട്രാ ഇംങ്ങളിലായി: 44.5 ലക്ഷം
റീടെൻഷൻ ഇനത്തിൽ: 21.94 ലക്ഷം
പ്രവത്തി മുന്നോട്ടുകൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സെക്യൂരിറ്റി തുക തിരികെ നൽകണമെന്ന ആവശ്യം കണക്കിലെടുത്ത് 91.22 ലക്ഷം രൂപയാണ് കരാറുകാരന് നൽകിയത്. വിവിധ ഇനങ്ങളിൽ നിന്നായി ലഭിക്കാനുള്ള 1.61 കോടി പിടിച്ചുവച്ച ശേഷമാണ് സെക്യൂരിറ്റിതുക നൽകിയതെന്നാണ് അജണ്ടയിലെ വിശദീകരണം