കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവർ നിർമാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌ സംഘം നിർമാണ കമ്പനിയായ ആർ.ഡി.എസ്‌ പ്രൊജക്ട്‌സ്‌ ലിമിറ്റഡ്‌ മാനേജിംഗ് ഡയറക്‌ടർ സുമിത്‌ ഗോയലിനെ ചോദ്യം ചെയ്‌തു. വിജിലൻസ്‌ കേസിൽ ഒന്നാംപ്രതിയാണ്. ഇന്നലെ വിജിലൻസിന്റെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് മൂന്നു വരെ നീണ്ടു. നേരത്തെ ആർ.ഡി.എസിന്റെ കൊച്ചി ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌ത വിജിലൻസ്‌ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ സുമിതിനെ വിളിച്ചുവരുത്തിയത്‌. സുമിതിന്റെ മൊഴിയും പിടിച്ചെടുത്ത രേഖകളിലെ വിവരങ്ങളും ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകളും വിജിലൻസ്‌ സംഘം പരിശോധിക്കുകയാണ്‌. ഇയാളെ വീണ്ടും ചോദ്യംചെയ്യുമെന്ന്‌ വിജിലൻസ്‌ വ്യക്തമാക്കി. മൊഴിയിലെ പൊരുത്തക്കേട്‌ വ്യക്തമായാൽ അറസ്‌റ്റ്‌ ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങും.
മേൽപ്പാലം നിർമിക്കാൻ കമ്പനി ഉപയോഗിച്ച വസ്‌തുക്കളുടെ അളവും ഗുണവും പരിശോധിക്കും. പാലം നിർമാണത്തിലെ അഴിമതിക്കേസിൽ ആർ.ഡി.എസിനെ കൂടാതെ രൂപരേഖ തയ്യാറാക്കിയ നാഗേഷ്‌ കൺസൾട്ടൻസി, നിർമാണ കരാർ ഏറ്റെടുത്ത ആർ.ബി.ഡി.സി.കെ, മേൽനോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്‌കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പ്രതികളാണ്‌. പാലം 2016ൽ ഉദ്‌ഘാടനം ചെയ്‌തുവെങ്കിലും തകരാറിനെത്തുടർന്ന്‌ ഗതാഗതം നിർത്തിവച്ചു. മദ്രാസ്‌ ഐ.ഐ.ടിയുടെ പരിശോധനയിൽ നിർമാണത്തിൽ ഗുരുതര വീഴ്‌ചയും തകരാറും കണ്ടെത്തി.