തൃപ്പൂണിത്തുറ: നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന അന്ധകാരത്തോടിന്റെ വശങ്ങൾ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ. താലൂക്ക് ആശുപത്രിക്ക് തെക്കുവശം പൂജാ ക്രിക്കറ്റ് ഗ്രൗണ്ടിന് എതിർവശത്ത് സ്വകാര്യ ലാബിനോട് ചേർന്ന് തുടങ്ങുന്ന അന്ധകാരത്തോടിന്റെ സൈഡ് റോഡാണ് അതീവ അപകട അവസ്ഥയിലുള്ളത്.

മൂന്നൂറു മീറ്ററിലധികം നീളമുള്ള ഈ റോഡ് മഴ ശക്തമായതോടെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. അമ്പതടി താഴ്ചയുള്ള തോടിന്റെ വശങ്ങൾ മണ്ണിടിഞ്ഞ് ഏതു നിമിഷവും തകരാം. റോഡ് നീളത്തിൽ പിളർന്ന അവസ്ഥയിലാണ്.

താലൂക്ക് ആശുപത്രി ഭാഗത്തു നിന്നും വൈക്കം റോഡിലേക്ക് കടക്കാവുന്ന എളുപ്പമാർഗ്ഗമെന്ന നിലയിൽ ധാരാളം ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഈ റോഡ് ഉപയോഗപ്പെടുത്തുന്നുണ്ട്. മൂന്നു മീറ്റർ വീതിയുള്ള റോഡിന്റെ പല ഭാഗങ്ങളും മണ്ണ് അടർന്ന് പോയതിനാൽ നിലവിൽ ഓട്ടോറിക്ഷ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

നഗരസഭയുടെ പ്രധാന പദ്ധതിയായി തുടങ്ങി വച്ച അന്ധകാരത്തോട് നവീകരണം മുടങ്ങിക്കിടക്കുന്നു. പല ഭാഗത്തും ബണ്ട് പൊട്ടിച്ച് വിട്ടതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.

വലിച്ചെറിയുന്ന മാലിന്യം പലയിടത്തും കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്നുമുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ആരംഭിച്ച നവീകരണ പദ്ധതി ലക്ഷ്യം കാണാത്ത അവസ്ഥയാണുള്ളത്.

റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങൾ ഇന്നലെ ചെയർപേഴ്സണ് കത്തു നൽകിയിട്ടുണ്ട്. യു.ഡി.എഫ് യോഗത്തിൽ കെ.ജി സത്യവ്യതൻ, ജോഷി സേവ്യർ, സ്ഥലം കൗൺസിലർ ശകുന്തള ജയകുമാർ, കെ.വി. സാജു തുടങ്ങിയവർ സംസാരിച്ചു.