jacob-thomas

കൊച്ചി : സ്വയം വിരമിക്കാൻ നൽകിയ അപേക്ഷയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ ഒന്നിന് താൻ സർവീസിൽ നിന്ന് സ്വയം വിരമിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് നൽകിയ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടു തേടി.

ഏപ്രിൽ ഒന്നു മുതൽ സ്വയം വിരമിക്കൽ പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 20 ന് അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

2017 ഡിസംബർ 19 മുതൽ അകാരണമായി സസ്പെൻഷനിൽ തുടരുന്നതാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണമെന്നും പൊതുസേവനം നടത്താതെ ഖജനാവിൽ നിന്ന് പണം കൈപ്പറ്റുന്നത് അധാർമ്മികവും അനുചിതവുമാണെന്ന് വിശ്വസിക്കുന്നെന്നും ഹർജിയിൽ പറയുന്നു.

ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരികെയെടുക്കാൻ ട്രൈബ്യൂണൽ ജൂലായ് 29 ന് ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകർപ്പ് അന്നു തന്നെ സർക്കാരിന് മെയിൽ ചെയ്തു. 27 ദിവസം പിന്നിട്ടിട്ടും നിയമനം നൽകുകയോ ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ പകയോടെ പെരുമാറുമോയെന്ന് ആശങ്ക ഉണ്ട്. കലഹം നിറഞ്ഞ അന്തരീക്ഷത്തിൽ ജോലിയോടു നീതി പുലർത്താനാവില്ലെന്നതിനാൽ നിലവിലെ സർക്കാരിനൊപ്പം പ്രവർത്തിക്കാൻ താത്പര്യമില്ല. ഇതിനാലാണ് സ്വയം വിരമിക്കൽ തേടുന്നതെന്നും ഹർജിയിൽ പറയുന്നു.