കൊച്ചി : വിദേശ മെഡിക്കൽ ബിരുദക്കാർക്ക് ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ ലഭിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് നിർബന്ധമാക്കിയ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.
ഡോ. അമല ഗിരിജൻ ഉൾപ്പെടെ 19 ഡോക്ടർമാർ നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ച് വിധി. ഹർജിക്കാരിൽ 18 പേർ ചൈനയിൽ നിന്നും ഒരാൾ നേപ്പാളിൽ നിന്നുമാണ് മെഡിക്കൽ ബിരുദം നേടിയത്. രാജ്യത്തെ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റും ഇവർ പാസായിട്ടുണ്ട്. ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ (ടി.സി.എം.സി) സ്ഥിരം രജിസ്ട്രേഷന് അപേക്ഷ നൽകിയെങ്കിലും 2017 ഒക്ടോബർ പത്തിലെ കൗൺസിൽ തീരുമാനപ്രകാരം ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ്പ് വേണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിച്ചു.
പൊതുതാത്പര്യം മുൻനിറുത്തിയാണ് ഇന്റേൺഷിപ്പ് സമ്പ്രദായം ഏർപ്പെടുത്തിയതെന്ന് ടി.സി.എം.സി അധികൃതർ വിശദീകരിച്ചു. മികച്ച ചികിത്സ ഉറപ്പാക്കാൻ ടി.സി.എം.സി വ്യവസ്ഥ ഏർപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് പറയാൻ കഴിയില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. കേരളത്തിന്റെ സാഹചര്യമനുസരിച്ച് പ്രത്യേക രോഗങ്ങൾക്ക് ചികിത്സ നൽകുന്നതരത്തിൽ ഇവരെ രൂപപ്പെടുത്താനാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നതെന്ന് ടി.സി.എം.സി വ്യക്തമാക്കിയിട്ടുണ്ട്. സ്ക്രീനിംഗ് ടെസ്റ്റ് പാസായതു കൊണ്ടു മാത്രം ഇതിനുള്ള യോഗ്യതയുണ്ടാവുന്നില്ല. ആ നിലയ്ക്ക് ടി.സി.എം.സി വ്യവസ്ഥയിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.