കൊച്ചി : സിനിമാ ഷൂട്ടിംഗിന്റെ പേരിൽ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ വ്യാപാരം മുടങ്ങരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി നേരത്തെ നൽകിയ ഇടക്കാല ഉത്തരവ് അന്തിമമാക്കിയാണ് ഹൈക്കോടതിയുടെ വിധി. ഷൂട്ടിംഗിന്റെ പേരിൽ ജ്യൂ സ്ട്രീറ്റിലെ കച്ചവടം മുടങ്ങുന്നതിനെതിരെ കേരള ഹാന്റിക്രാഫ്‌റ്റ് ഡീലേഴ്സ് ആൻഡ് മാനുഫാക്ച്വേഴ്സ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. വിവിധ സിനിമകളുടെ ഷൂട്ടിംഗിന്റെ പേരിൽ ജൂതത്തെരുവിൽ കച്ചവടം മുടങ്ങുന്നെന്നും ടൂറിസ്റ്റുകളെത്തുന്ന ഈ മേഖലയിൽ കച്ചവടം ഉപജീവന മാർഗ്ഗമാക്കിയവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. തുടർന്ന് ഇത്തരത്തിൽ കച്ചവടം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഫോർട്ട് കൊച്ചി ആർ.ഡി.ഒയ്ക്കും മട്ടാഞ്ചേരി പൊലീസിനും ഏപ്രിൽ നാലിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദ്ദേശം നൽകി. ഷൂട്ടിംഗിന്റെ പേരിൽ കച്ചവടം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ സ്റ്റേറ്റ്മെന്റും നൽകി. ഈ സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അനിവാര്യമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇടക്കാല ഉത്തരവ് അന്തിമമാക്കി.