കൊച്ചി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളെ ഏല്പിച്ചിരുന്നെങ്കിൽ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി മദ്ധ്യമേഖല സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് ഉത്തരവ് നൽകിയതല്ലാതെ നയാപൈസ പോലും തദ്ദേശസ്ഥാപനങ്ങൾക്കു നൽകാൻ സർക്കാർ തയ്യാറായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അധികാരവികേന്ദ്രീകരണം പൂർത്തിയാകണമെങ്കിൽ പഞ്ചായത്ത് സംവിധാനങ്ങൾക്ക് അധികാരം കൈമാറണം. തദ്ദേശ സംവിധാനത്തെ അട്ടിമറിക്കാനാണ് ഭരണമേറ്റ കാലം മുതൽ എൽ. ഡി.എഫിന്റെ ശ്രമം.

അധികാര വികേന്ദ്രീകരണത്തിനായി ജനകീയാസൂത്രണം നടപ്പാക്കിയ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ എല്ലാ സർവീസുകളെയും ഏകീകരിക്കാനാണ് ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളെ അട്ടിമറിച്ചത് ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിച്ചു. വികസനം തടസപ്പെട്ടു. നികുതിവരുമാനത്തിൽ നിന്നുള്ള വിഹിതം വർദ്ധിപ്പിക്കുന്നില്ല. മെയിന്റനൻസ് ഗ്രാൻഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചിതസമയത്ത് നൽകുന്നതിൽ പരാജയപ്പെട്ടു.

പ്രളയത്തിന്റെ പേരുംപറഞ്ഞ് വാർഷികപദ്ധതിയിൽ നിന്ന് ഇരുപത് ശതമാനം വെട്ടിക്കുറച്ചു. കിഫ്‌ബിയിലൂടെ വികസനപ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ പത്ത് ശതമാനം പ്രവൃത്തികൾ പോലും നടക്കുന്നില്ല. ആറായിരം കോടി കൈവശം വച്ച് അരലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി ഡോ.തോമസ് ഐസക്കിന്റെ അവകാശവാദം.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രവർത്തകർ ശ്രദ്ധിക്കണം. ജനപ്രതിനിധികളുടെ ആത്യന്തികമായ ഉത്തരവാദിത്വം പാർട്ടിയോടാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ജമാൽ മണക്കാടൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. എൻ.വേണുഗോപാൽ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ കെ.സി.ജോസഫ്, വി.ഡി.സതീശൻ, പി.ടി.തോമസ്, അൻവർ സാദത്ത് , ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.