വൈപ്പിൻ:നാട്ടിൽ വൈദ്യുതി വരുന്നതിന് മുമ്പ് തന്നെതിയേറ്റർ പ്രവർത്തിച്ച് തുടങ്ങിയ ചരിത്രമാണ് വൈപ്പിൻകരക്കുള്ളത്.80 വർഷം മുമ്പ് ജനറേറ്ററിൽ പ്രവർത്തിച്ചു തുടങ്ങിയ അയ്യമ്പിള്ളി പേൾ ഇവിടെയായിരുന്നു.

ഏഴെട്ട് വർഷം കഴിഞ്ഞപ്പോൾ ചെറായി വിക്ടറിയും പിന്നാലെ ചെറായിൽത്തന്നെ സ്റ്റാറും തുടങ്ങി. പിന്നീട് പല ഘട്ടങ്ങളിലായി പത്തോളം തീയേറ്ററുകൾ വൈപ്പിൻകരയിൽ ഉയർന്നു. എളങ്കുന്നപ്പുഴ സുജാത, ഓച്ചന്തുരുത്ത് മിഡ്‌ലാന്റ്, വളപ്പ് പ്രിയങ്ക, മാലിപ്പുറം യൂണിയൻ, ഞാറക്കൽ മെജസ്റ്റിക്, ഞാറക്കൽ കാളിദാസ്, നായരമ്പലം യൂണിയൻ, എടവനക്കാട് ആശ, പള്ളത്താംകുളങ്ങര സംഗീത, പള്ളിപ്പുറം വിജയ (പിന്നീട് പേര് സ്വപ്ന) എന്നിവ നിറഞ്ഞ സദസുകളിൽചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പ്രധാന വരുമാനമാർഗ്ഗം സിനിമാ തീയേറ്ററുകളിൽ നിന്നുള്ള വിനോദനികുതിയായിരുന്നു. മൂന്ന് തീയേറ്ററുകൾ ഉണ്ടായിരുന്നതിനാലാണ് ഏറ്റവും കൂടുതൽ വരുമാനമുളളപഞ്ചായത്തായിപള്ളിപ്പുറംമാറിയത് . എല്ലാം പഴങ്കഥയായി. തീയേറ്ററുകൾ ഒന്നൊന്നായി പൂട്ടി.

ശേഷം ഭാഗങ്ങൾ സ്‌ക്രീനിൽ

തിയേറ്ററുകളിൽ ആഴ്ചകൾ തോറും പടങ്ങൾ മാറുന്നത് ആഘോഷമായാണ് നാട്ടുകാരെ അറിയിച്ചിരുന്നത്. നാലഞ്ച് ചെണ്ടമേളക്കാർ, സിനിമാ പോസ്റ്റർ ഒട്ടിച്ച ബോർഡുകൾ ചുമലിലേന്തിയ നാലഞ്ച്‌പേർ, ചിത്രത്തിന്റെ കഥാസാരം വിവരിച്ച് നോട്ടീസ് വിതരണം ചെയ്യുന്നയാൾ എന്നിങ്ങനെ പത്തോളം വരുന്ന സംഘമാണ് ഇടവഴികൾ തോറും നടന്ന് പ്രചരണം നടത്തിയിരുന്നത്. തീയേവറ്ററുകളിൽ സിനിമാ പാട്ട് പുസ്തകങ്ങളും വിതരണം ചെയ്തിരുന്നു. പ്രദർശനം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പേ ചെണ്ട മേളവും മൈക്കിലൂടെ പാട്ട് റെക്കോർഡുകളും കേൾപ്പിച്ചിരുന്നു. ആകെ ഉത്സവഛായ.

കഷ്ടകാലം തുടങ്ങിയത്
1982ൽ മലയാളം ടി വി പ്രക്ഷേപണം തുടങ്ങുകയും 90 കളിൽ ടി.വി. സീരിയലുകൾ തള്ളിക്കയറ്റങ്ങൾ തുടങ്ങുകയും ചെയ്തതോടെ സിനിമാ തിയേറ്ററുകളുടെ ശനിദശ തുടങ്ങി. വീട്ടിലിരുന്ന സിനിമയും സീരിയലുകളും കാണാമെന്നായതോടെ കുടുംബങ്ങൾ തീയേറ്ററുകൾ ഉപേക്ഷിച്ചു തുടങ്ങി. പഴയ സൗണ്ട് സിസ്റ്റം, ശുചിത്വമുള്ള ടോയ്‌ലറ്റുകളുടെ അഭാവം എന്നിവ കൂടിയായപ്പോൾ ബഹുഭൂരിപക്ഷവും തീയേറ്ററുകൾ ബഹിഷ്‌കരിച്ചു.

ഞാറക്കൽ മെജസ്റ്റിക് മാത്രമായി
കനത്ത നഷ്ടത്തിലായ തീയേറ്റുകൾ ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. 12 തീയേറ്ററുകളുണ്ടായിരുന്ന വൈപ്പിൻ മേഖലയിൽ ഒന്നൊഴികെ മറ്റെല്ലാം പ്രദർശനം നിർത്തി. ചിലത് ഗോഡൗണുകളായി. ഏറ്റവും ഒടുവിൽ പൂട്ടിയ ചെറായി സ്റ്റാർ ഇപ്പോൾ ആക്രി സാധനങ്ങളുടെ ഗോഡൗണാണ്. ഞാറക്കൽ മെജസ്റ്റിക് മാത്രം രൂപവും ഭാവവും മാറി മർട്ടിപ്ലക്‌സ് ആയി പിടിച്ചുനിൽക്കുന്നു.
സിനിമാ പ്രേമികൾക്ക് അൽപം ആശ്വാസവുമായി പുതിയ തീയേറ്റർ അയ്യമ്പിള്ളിയിൽ ഒരാഴ്ച മുമ്പ് തുറന്നു. അയ്യമ്പിള്ളി കെ. സിനിമാസ്മൾട്ടിപ്ലക്‌സാണ് . വൈപ്പിൻകരയിലെ ആദ്യ തിയേറ്റർ ഉണ്ടായിരുന്നതിന് തൊട്ടടുത്ത സ്ഥലത്താണ് ഇപ്പോഴത്തെ പുതിയ മൾട്ടി പ്ലക്‌സ്‌

സാംസ്‌കാരിക രംഗത്ത് മുന്നിൽ

ഏഷ്യാവൻകരയിലെ ഏറ്റവും ജനസാന്ദ്രതയേറിയ വൈപ്പിൻകര സാംസ്‌കാരിക രംഗത്തും മുമ്പേ തന്നെ വളരെ മുന്നിലാണ് . സിനിമാരംഗത്തും അത് പ്രകടമായിരുന്നു. പ്രശസ്തനടന്മാരായ ശങ്കരാടി, വിൻസെന്റ്, സിദ്ദിഖ്, ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനും നിർമ്മാതാവുമായിരുന്ന പി.എ. തോമസ്, കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകൻ ജിബു ജേക്കബ് തുടങ്ങിയവർ വൈപ്പിൻകരക്കാരാണ്.