തൃപ്പൂണിത്തുറ: ഇന്ന് (ആഗസ്റ്റ് 28) അയ്യങ്കാളി ജയന്തിദിനം പ്രവൃത്തി ദിവസമാക്കാനുള്ള ഒരു വിഭാഗം സ്വകാര്യ സ്കൂളുകളുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പ്രസ്താവനയിൽ അറിയിച്ചു. ഓൾ കേരള സെൽഫ് ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷനാണ് വിവേചനപരമായ ഈ തീരുമാനമെടുത്തിട്ടുള്ളത്. വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമാക്കി പരിവർത്തിപ്പിച്ച മഹാനായ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളി, അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് സർക്കാർ ഈ ദിനം പൊതു അവധിയാക്കിയത്.ഇതിനെതിരായ തീരുമാനം നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെന്റുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.