കൊച്ചി: പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികളിലൂടെ മാത്രമെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സാധ്യതകൾ നിലനിൽക്കുകയുള്ളുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ (ഹാറ്റ്സ്) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പുതിയ വിനോദ സഞ്ചാര സാധ്യതകൾ കണ്ടെത്തി പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്ക്കരണവും ഉറപ്പു വരുത്തി നിലവിലുള്ളവയോടൊപ്പം കൂടുതൽ ആകർഷകമാക്കി വിപുലികരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തും. എം.പി.യായി തിരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഹാറ്റ്സിന്റെ ആദ്യ സംസ്ഥാന കൺവെൻഷനിൽ സംബന്ധിച്ച ഹൈബി ഈഡനെ മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി.തോമസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. യോഗത്തിൽ പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹാറ്റ്സ് ഡയറക്ടർ എം.പി. ശിവദത്തൻ, ഡി. സോമൻ, സന്തോഷ് ടോം, പി.എം പുഷ്പാംഗദൻ, ബി.പി രഘു രാജ്, രഞ്ജിനി മേനോൻ, ഷാജി കുറുപ്പശ്ശേരി, കോശി ജീൻ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.