കൊച്ചി: നിയന്ത്രണം തെറ്റി സർവീസ് നടത്തുന്ന റോ റോ യ്ക്ക് കടിഞ്ഞാണിടാൻ കോർപ്പറേഷൻ. ധാരണാപത്രത്തിന്റെ ബലത്തിൽ സർവീസ് നടത്തുന്ന റോ റോയ്ക്ക് കരാർ ഒപ്പിടാനാണ് തീരുമാനം. നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെ.എസ്.ഐ.എൻ.സി ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ )യുമായി ഇതുസംബന്ധിച്ച് ചർച്ച നടത്താൻ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു. മേയറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എം.പി, എം.എൽ.എമാർ, കക്ഷിനേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് മേയറുടെ അസാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് അറിയിച്ചു.

കോർപ്പറേഷന്റെ തനതുഫണ്ടിൽ നിന്നുള്ള 18 കോടി ചെലവിട്ടാണ് രണ്ടു റോ റോകൾ നിർമ്മിച്ചത്. 2018 ഏപ്രിൽ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ രണ്ടു ജങ്കാറുകളും സർവീസ് നടത്തമെന്ന് ഉദ്‌ഘാടന വേളയിൽ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ ആ വാഗ്ദാനം യാഥാർത്ഥ്യമായില്ല.

സർവീസ് നടത്തേണ്ട സമയം

രാവിലെ 6 മുതൽ രാത്രി 10 വരെ

നിലവിൽ സർവീസ് നടത്തുന്നത്

ഒരു ജങ്കാർ രാവിലെ 6 മുതൽ രാത്രി10 വരെ

മറ്റേത് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെ

18 കോടി ചെലവിട്ടാണ് രണ്ടു റോ റോകൾ നിർമ്മിച്ചത്

പരസ്യബോർഡുകൾക്ക് അദാലത്ത്
കൊച്ചി നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്
കാരി ബാഗുകൾ പിടിച്ചെടുക്കാൻ സ്‌ക്വാഡുകൾ ശക്തമാക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. അംഗീകൃതമായ പരസ്യബോർഡുകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ അദാലത്ത് സംഘടിപ്പിക്കാനും തീരുമാനിച്ചു. അനധികൃതമായ പരസ്യബോർഡുകൾ നഗരത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നും അതിന്റെ കൃത്യമായ കണക്കെടുത്ത ശേഷം ബൈലോ പ്രകാരം കൗൺസിൽ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടുത്ത കൗൺസിലിലേക്ക് വിഷയം മാറ്റിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ കോർപ്പറേഷന്റെ പ്രധാന വരുമാന സ്രോതസായ പരസ്യബോർഡുകൾ സംബന്ധിച്ച വിഷയം മാറ്റിവയ്ക്കാൻ കഴിയില്ലെന്നും ബൈലോയിൽ മാറ്റങ്ങൾ നിർദ്ദേശിച്ചാൽ അത് പരിഹരിക്കാമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. .