കൊച്ചി: ചേന്ദമംഗലം കൈത്തറിയ്ക്കിത് അതിജീവനത്തിന്റെ വർഷം. കഴിഞ്ഞാണ്ടിലെ മഹാപ്രളയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയാണ് ചേന്ദമംഗലം കൈത്തറി. കഴിഞ്ഞ നാല്പത് വർഷകാലത്തിനിടെ കൈത്തറിയ്ക്ക് അനുകൂലമായി ഇതുപോലെ വർഷമുണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. വെറും പറച്ചിലല്ല. ജീവിതം കൂട്ടിമുട്ടിക്കാനാവാതെ കൈത്തറി ജോലി ഉപേക്ഷിച്ചു പോയ പലരും തിരികെ വരികയാണ്. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിനാളുകളാണ് ചേന്ദമംഗലം കൈത്തറി അന്വേഷിച്ചെത്തുന്നത്.

പലകൈകൾ

തുണയായപ്പോൾ

മഹാപ്രളയത്തിൽ നിന്ന് കരകയറാൻ വിവിധ സംഘടനകളാണ് ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾക്ക് തുണയായത്. പ്രളയജലത്തിൽ പാടെ നശിച്ചുപോയ കൈത്തറി വസ്ത്രങ്ങൾ ചേക്കുട്ടി പാവയായി ജനിച്ച് ലോകമാകെ ശ്രദ്ധയാകർഷിച്ചു. പിന്നീട് സംഘടനകൾ ഒത്തുചേർന്ന് തൊഴിലാളികളുടെ നശിച്ചു പോയ നെയ്ത്തുയന്ത്രങ്ങൾ നന്നാക്കി നൽകി. 2018 ആഗസ്റ്റിലെ പ്രളയം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ കൈത്തറി ജോലികൾ പുനരാരംഭിക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞു. 2019ൽ വീണ്ടും വന്ന പ്രളയം തങ്ങളെ ബാധിക്കാതിരിക്കാൻ തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിച്ചു. മഴ കാരണം കുറച്ച് പാവുകളിൽ കരിമ്പനടിച്ച് വന്ന നഷ്ടം മാത്രമേ ഇത്തവണ ഉണ്ടായിട്ടുള്ളൂ. ചേന്ദമംഗലം കൈത്തറിയുമായി ബന്ധപ്പെട്ട് 13 ഉൽപാദക സംഘങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

പുളിയിലക്കര

ഡിസൈൻഡ്!

ചേന്ദമംഗലം കൈത്തറി തേടിയെത്തുന്നതിൽ പ്രമുഖ ഡിസൈനർമാരടക്കമുണ്ട്. എന്നാൽ,​ ഓണനാളുകളിൽ മലയാളി തേടുന്ന കസവ് സാരിയോ മുണ്ടോ അല്ല അവർക്ക് വേണ്ടത്. പുളിയിലക്കരയെന്ന് മലയാളി വിളിക്കുന്ന നേർത്ത കരയുള്ള സാരികൾക്കാണ് പുറംനാട്ടിൽ ആവശ്യക്കാർ കൂടുതൽ. അതിൽ തങ്ങളുടെ ഡിസൈനുകൾ സൃഷ്ടിച്ചെടുത്താണ് വിൽപന. കടകളിൽ മലയാളികളടക്കം ആവശ്യപ്പെട്ട് വരുന്നതും പല നിറങ്ങളിലുള്ള കരകളുള്ള സാരികളാണ്. എന്നാൽ,​ ഇത്തവണ ട്രെൻഡായ നിറം കറുപ്പാണ്. കസവിന്റെ സ്ഥാനത്ത് കറുപ്പ് കരയും കറുപ്പ് നൂലിലോ നിറത്തിലോ ചെയ്തെടുക്കുന്ന ചിത്രങ്ങളുമാണ് പുതിയ ട്രെൻഡ്. കറുത്ത വെൽവെറ്റ് തുണിയാലുണ്ടാക്കിയിരിക്കുന്ന ബുദ്ധൻ മുന്താണിയിൽ സ്ഥാനം പിടിച്ച സെറ്റ്സാരികളുമുണ്ട്.

"ഏതാണ്ട് അഞ്ചുകോടി രൂപയുടെ കച്ചവടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഓണത്തിന് മുമ്പ് തന്നെ നെയ്തെടുത്ത വസ്ത്രങ്ങളെല്ലാം തീരുന്ന മട്ടാണ്. കേരളത്തിന് പുറത്ത് നിന്ന് കൂടുതൽ ഓർഡറുകൾ വരുന്നത്. പ്രളയം വരുന്നതിന് തൊട്ടുമുന്നിലത്തെ വർഷം മൂന്ന് കോടിയുടെ കച്ചവടമാണ് നടന്നത്. "

ടി.എസ്. ബേബി

പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘം പ്രസിഡന്റ്