ഫോർട്ട് കൊച്ചി: ഒന്നര കോടി രൂപ നിരക്കിൽ നവീകരിച്ച മട്ടാഞ്ചേരി കോർപ്പറേഷൻ റവന്യൂ വിഭാഗം ഓഫീസ് തകർച്ചയുടെ വക്കിൽ.നാല് വർഷം മുൻപാണ് ഓഫീസ് നവീകരണം നടത്തിയത്.കഴിഞ്ഞ ദിവസം ഗോവണി പടി ഇളകി അതിൽ നിന്ന് വീണ് കൊച്ചങ്ങാടി സ്വദേശിനിക്ക് പരിക്കേറ്റു.ഇവരുടെ കാലിൽ പത്തോളം തുന്നലുകളുണ്ട്. ഇവിടത്തെ ഫാനുകളും വിളക്കുകളും പ്രവർത്തിച്ചിട്ട് ആഴ്ചകളായി. ശുചി മുറിയിലാണെങ്കിൽ വെള്ളമില്ല. ഇതു മൂലം ഓഫീസിലെ ജീവനക്കാർ ദുരിതത്തിലാണ്.പലരും സമീപത്തെ വീടുകളിലും ഹോട്ടലുകളിലും പോയാണ് കാര്യം സാധിക്കുന്നത്. ലൈഫ് പദ്ധതിയിലേക്കും മറ്റു വിവിധ ആവശ്യങ്ങൾക്കുമായി ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ആദ്യം താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഇപ്പോൾ മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്.വീണ്ടും പഴയ കെട്ടിടം അരക്കോടി രൂപാ ചെലവിൽ പുതുക്കി പണിതെങ്കിലും ഇപ്പോഴും ഓഫീസ് മാറ്റി സ്ഥാപിക്കാനായില്ല.
ഉപരോധസമരം നടത്തി
ഓഫീസിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മഹാത്മാ വേദി പ്രവർത്തകർ ഓഫീസിലെ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ഉപരോധസമരം നടത്തി.അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോയി.
നവീകരണം നടത്തിയത് 4 വർഷം മുൻപ്