പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ സാന്ത്വന പരിചരണം ആവശ്യമായ കിടപ്പുരോഗികൾക്ക് ഓക്‌സിജൻ കോൺസെന്ററേറ്റർ നൽകുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. സാന്ത്വന പരിചരണ രംഗത്ത് നടപ്പിലാക്കുന്ന കെയർ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് തുക അനുവദിച്ചത്. നിയോജകമണ്ഡലത്തിലെ 7 ആരോഗ്യ കേന്ദ്രങ്ങളിലെ സ്വാന്തന പരിചരണ വിഭാഗങ്ങൾക്കായാണ് 22 ഓക്‌സിജൻ കോൺസെന്ററേറ്ററുകളാണ് അനുവദിച്ചത് 10.89 ലക്ഷം രൂപ പ്രത്യേക വികസന നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു.. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് സമൂഹ്യാരോഗ്യ കേന്ദ്രം, വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സമുഹ്യാരോഗ്യ കേന്ദ്രം, ഒക്കൽ ഗ്രാമപഞ്ചായത്തിലെ ഇടവൂർ പ്രാഥമികാരോഗ്യ കേന്ദ്രം, രായമംഗലം ഗ്രാമപഞ്ചായത്തിലെ നെല്ലിമോളം പ്രാഥമികാരോഗ്യ കേന്ദ്രം, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രം, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി പ്രാഥമികാരോഗ്യ കേന്ദ്രം, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളിലെ സാന്ത്വന പരിചരണ വിഭാഗങ്ങൾക്കാണ് ഓക്‌സിജൻ കോൺസെന്ററേറ്ററുകൾ നൽകുന്നത്.
അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ
അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ നിർമ്മിക്കുന്ന ഉപകരണമാണ് ഓക്‌സിജൻ കോൺസെന്ററേറ്റർ. ദീർഘകാലം ഓക്‌സിജൻ ആവശ്യമായി വരുന്ന കിടപ്പു രോഗികൾക്ക് സിലിണ്ടറിൽ ഓക്‌സിജൻ നിറച്ച് നൽകുന്നത് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതിന് പകരമായി ഓക്‌സിജൻ കോൺസെന്ററേറ്റർ വഴി വൈദ്യുതി ഉപയോഗിച്ച് മറ്റു അധിക ചെലവുകൾ ഇല്ലാതെ തന്നെ ഓക്‌സിജൻ നിർമ്മിച്ച് രോഗികൾക്ക് ലഭ്യമാക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത